ചിമ്പാന്‍സികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് പോര്; കുഞ്ഞുങ്ങള്‍ അടക്കം ചത്തു; 500 വര്‍ഷത്തിനിടെ ഇത് ആദ്യം

ഉഗാണ്ട: ചിമ്പാന്‍സികള്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള പോരില്‍ കുഞ്ഞുങ്ങള്‍ അടക്കം ചത്തതായി റിപ്പോര്‍ട്ട്. നിരവധി ചിമ്പാന്‍സികള്‍ക്ക് പരിക്കേറ്റതായും അറിയുന്നു. 500 വര്‍ഷത്തിനിടെ ഇത് ആദ്യമാണ് ചിമ്പാന്‍സികള്‍ തമ്മില്‍ ആഭ്യന്തര യുദ്ധം നടത്തുന്നത്. ആക്രമണത്തില്‍ ഇതുവരെ 28 ചിമ്പാന്‍സികളും 17 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ആന്തരാവയവങ്ങള്‍ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്ന് അറിയുന്നു.

1995 മുതല്‍ ഗവേഷകര്‍ ചിമ്പാന്‍സി സമൂഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇവര്‍ തമ്മിലുള്ള ചേരി തിരിഞ്ഞുള്ള സംഘര്‍ഷം. ലോകത്തിലെ ഏറ്റവും വലിയ ചിമ്പാന്‍സി കൂട്ടമായിരുന്ന ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എന്‍ഗോഗോ ചിമ്പാന്‍സികളാണ് പരസ്പരം ആക്രമിച്ചത്. ആകെ 200 ചിമ്പാന്‍സികളായിരുന്നു ഉണ്ടായിരുന്നത്.

ദീര്‍ഘകാലം ഒറ്റക്കെട്ടായി ജീവിച്ച എന്‍ഗോഗോകള്‍ 2015 മുതലാണ് വേര്‍പിരിഞ്ഞു തുടങ്ങിയത്. സെന്‍ട്രല്‍ ഗ്രൂപ്പ്, വെസ്റ്റേണ്‍ ഗ്രൂപ്പ് എന്നിങ്ങനെയാണ് ചിമ്പാന്‍സികള്‍ വേര്‍പിരിഞ്ഞത്. ഈ രണ്ട് ഗ്രൂപ്പുകളില്‍ ചെറുതായ വെസ്റ്റേണ്‍ ചിമ്പാന്‍സികള്‍ സെന്‍ട്രല്‍ ഗ്രൂപ്പിന്റെ പ്രദേശത്തേക്ക് ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ചെറിയ കൂട്ടം വലിയകൂട്ടത്തിലുള്ള 28 ചിമ്പാന്‍സികളെയാണ് കൊന്നൊടുക്കിയത്.

2017ല്‍ അസുഖത്തെ തുടര്‍ന്ന് കുഞ്ഞുങ്ങളടക്കം 25 ചിമ്പാന്‍സികള്‍ ചത്തിരുന്നു. ഇതോടെ ഇവര്‍ക്കിടയിലെ സാമൂഹികബന്ധങ്ങള്‍ തകര്‍ന്നുവരുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 മുതല്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ആക്രമണങ്ങള്‍ ആരംഭിച്ചു. പരസ്പരം കടിച്ചും അടിച്ചും തൊഴിച്ചും നിലത്തിട്ടിഴച്ചുമാണ് ഇവ പരസ്പരം പോര് നടത്തുന്നത്.

പെണ്‍ ചിമ്പാന്‍സികളും യുദ്ധമുഖത്തുണ്ടെന്നാണ് ടെക്‌സസ് സര്‍വകലാശാലയിലെ ഡോ. ആറോണ്‍ സാന്‍ഡല്‍ പറയുന്നത്. ഭക്ഷണത്തിനായുള്ള പോരാട്ടവും ആണ്‍-പെണ്‍ മത്സരം തീവ്രമായതും യുദ്ധത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page