പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ അങ്ങിങ്ങ് അക്രമം. പയ്യന്നൂര്‍, മാവിച്ചേരിയില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്റെ അനുഭാവിയും മുന്‍ സി പി എം നേതാവുമായ ടി പുരുഷോത്തമന്റെ വീടിനും കാറിനും നേരെ അക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു തീയിടാനും ശ്രമിച്ചു. മുന്‍ എം പിയും സി പി എം നേതാവുമായിരുന്ന ടി ഗോവിന്ദന്റെ മരുമകനാണ് ടി പുരുഷോത്തമന്‍. ഡി വൈ എഫ് ഐ, സി പി എം നേതാവായിരുന്ന പുരുഷോത്തമന്‍ പിന്നീട് പാര്‍ട്ടി വിടുകയും ജെ എസ് എസിന്റെ സംസ്ഥാന നേതാവുമായി . പിന്നീട് സി പി ഐയിലെത്തി.

അതിനു ശേഷം ഇടക്കാലത്ത് സി പി എമ്മില്‍ തിരിച്ചെത്തിയെന്നു പറയുന്നു. പിന്നീട് സജീവ രാഷ്ട്രീയ രംഗത്തു നിന്നും മാറി നിന്ന് ചെമ്മീന്‍ കര്‍ഷക കൂട്ടായ്മയുടെ സംസ്ഥാന നേതാവും പയ്യന്നൂരിലെ ബ്ലേഡ് വിരുദ്ധ മുന്നണിയുടെ പ്രധാന നേതാവുമായി മാറി. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയുമായി പിണങ്ങി പുറത്തുപോയതോടെ അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ചു നിന്ന പുരുഷോത്തമന്‍ തന്ത്രപരമായ കരുക്കള്‍ നീക്കിയതായും പറയുന്നു.

പയ്യന്നൂര്‍, കാറമേലില്‍ കോണ്‍ഗ്രസ് അനുഭാവിയായ കെ കെ പി തമ്പാന്റെ വീട്ടുമതില്‍ തകര്‍ത്തു. പ്രസ്തുത മതിലില്‍ വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ ചുമരെഴുത്തു നടത്തിയിരുന്നു.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ മുല്ലക്കൊടിയില്‍ മയ്യില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധി ഭവനു നേരെ അക്രമം ഉണ്ടായി. ഓഫീസിനകത്തു കടന്ന അക്രമി സംഘം ഫര്‍ണ്ണിച്ചറുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.
കയറളം മുല്ലക്കൊടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ഭാസ്‌ക്കരന്റെ വീടിനു നേരെയും അക്രമം ഉണ്ടായി. സംഭവത്തില്‍ ഭാസ്‌ക്കരന്റെ ഭാര്യ കെ പി ജീഷ്മയുടെ പരാതിയില്‍ 15 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രി ഒന്‍പതര മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം പരാതിക്കാരിയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങളും മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും തകര്‍ത്തതായും പരാതിയില്‍ പറഞ്ഞു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മുല്ലക്കൊടി, എയുപി സ്‌കൂളിനു സമീപത്ത് പോളിംഗ് ദിവസം സിപിഎം പ്രവര്‍ത്തകനായ പി.പി പ്രകാശ (55)നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഭാസ്‌കരന്‍. സംഭവത്തില്‍ ഭാസ്‌കരനും കൃഷ്ണന്‍ എന്നയാള്‍ക്കും എതിരെ മയ്യില്‍ പൊലീസ് കേസെടുത്തിരുന്നു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് പൊലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.








