മുന്നണികളുടെ ചങ്കിടിപ്പേറ്റി പോളിംഗ് ശതമാനം; ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് എല്‍ഡിഎഫ്; യുഡിഎഫ് പ്രതീക്ഷിക്കുന്നത് 100 സീറ്റ്, എന്‍ഡിഎക്ക് അഞ്ച് സീറ്റ് പ്രതീക്ഷ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും വലിയ പ്രതീക്ഷയിലാണ്. 1987 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഇത്രയധികം വര്‍ധിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ 100 സീറ്റ് ഉറപ്പാണെന്ന് യുഡിഎഫ് പറയുന്നു. എന്നാല്‍ തൂക്കുസഭ ആയിരിക്കും ഉണ്ടാകുകയെന്നും അതില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടാകുമെന്നും ബിജെപി പറയുന്നു. അഞ്ചു സീറ്റെങ്കിലും ലഭിക്കുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി.

വോട്ടെടുപ്പില്‍ കനത്ത പോളിങ് പ്രകടമായതോടെ സ്ഥാനാര്‍ത്ഥികള്‍ വലിയ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
മഞ്ചേശ്വരത്ത് പതിമൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. എസ്.ഡി.പി.ഐ അടക്കമുളളവരുടെ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി അവകാശപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും മികച്ച വിജയം പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയ പ്രതീക്ഷയിലാണ്.

ശക്തമായ മത്സരം നടന്ന ബേപ്പൂരില്‍ ജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പറഞ്ഞു. വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും അന്‍വര്‍ പ്രതീക്ഷിക്കുന്നു. സിപിഎമ്മുകാര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു. പോളിംഗ് കൂടിയത് ഭരണവിരുദ്ധ തരംഗമുള്ളതുകൊണ്ടാണെന്നും ഇത്തവണ ബേപ്പൂരില്‍ അട്ടിമറി ഉണ്ടാകുമെന്നുമാണ് അന്‍വറിന്റെ കണക്കു കൂട്ടല്‍. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പി.എ മുഹമ്മദ് റിയാസ് ആണ് അന്‍വറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി ജോണും വിജയ പ്രതീക്ഷയിലാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്നും ശക്തമായ ത്രികോണമത്സരമുണ്ടായിരുന്നുവെന്നും സിപി ജോണ്‍ പറഞ്ഞു. പൊതുവിലുള്ള യുഡിഎഫ് തരംഗം അനുകൂലമായി. സുരക്ഷിതമണ്ഡലം തനിക്ക് നല്‍കിയതിന് കോണ്‍ഗ്രസിനോട് സിപി ജോണ്‍ നന്ദി പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടായാലും വ്യക്തിപരമായ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വിജയം ഉറപ്പാണെന്നും ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് പറഞ്ഞു. ബിജെപി വട്ടിയൂര്‍ക്കാവില്‍ സൈലന്റായിരുന്നു. ബിജെപി വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നു പ്രശാന്ത് അവകാശപ്പെട്ടു. കെ. മുരളീധരനും ആര്‍ ശ്രീലേഖയുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. അവരും വിജയ പ്രതീക്ഷ പുലര്‍ത്തുന്നു.

കഴക്കൂട്ടത്ത് വിജയം ബിജെപിക്ക് ആയിരിക്കുമെന്ന് സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം കഴക്കൂട്ടത്ത് ശുഭ പ്രതീക്ഷയുണ്ട്. കഴക്കൂട്ടത്തേക്കാള്‍ ബിജെപിക്ക് സാധ്യതയുള്ള മണ്ഡലം നേമം ആണ്. നേമത്ത് വീണ്ടും അക്കൗണ്ട് തുറക്കും. ബിജെപി കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് നേമത്താണെന്നും മുരളീധരന്‍ പറഞ്ഞു.

മറ്റ് ജില്ലകളിലും മുന്നണികളും സ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷയും അതിനുള്ള ന്യായീകരണങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബസ് യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും പിടികൂടി കൈകാര്യം ചെയ്തു, സ്വമേധയാ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു, സംഭവം കുമ്പള ടൗണില്‍

You cannot copy content of this page