കാസര്‍കോട്: കേരളം വിധിയെഴുതി ;ഫലം അറിയാന്‍ 23 ദിവസത്തെ കാത്തിരിപ്പ്. മെയ് നാലിനു പെട്ടികള്‍ തുറക്കും. ഉച്ചയോടെ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും.
തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് മൂന്നു മുന്നണികളുടെയും കണക്കു കൂട്ടല്‍.
തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കുമെന്നതു സംബന്ധിച്ച് വാതുവയ്പും സജീവമായി. മൊട്ടയടിക്കുമെന്നാണ് വാതു വയ്പുകാര്‍ക്കിടയിലെ പ്രധാന വാഗ്ദാനം. ഇത്ര ‘പെഗ്ഗ്’ അടിക്കുമെന്നു വാതു വച്ചവരും ഉണ്ട്. എന്നാല്‍ ആര് വാഴും ആരൊക്കെ വീഴും എന്ന് കണ്ടറിയണമെങ്കില്‍ മെയ് നാലുവരെ കാത്തിരിക്കണം.
അതേസമയം പോള്‍ ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കു മുന്നില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്രസേനകളും കേരള പൊലീസുമാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ മെഷീനുകള്‍ കാസര്‍കോട് ഗവ. കോളേജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മെഷീനുകള്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.







