കൊല്ലം: ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌ക്കാര ചടങ്ങുകള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പുറത്തെടുത്തപ്പോള്‍ അഴുകി വീര്‍ത്തനിലയിലെന്ന് പരാതി. ആയൂര്‍ തോട്ടത്തറ സ്വദേശി ജോയല്‍ ജോര്‍ജ് മാത്യു(32) വിന്റെ മൃതദേഹമാണ് അഴുകിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്. ഇതിനെതിരെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
പൂനെയില്‍ പ്രോജക്ട് മാനേജറായിരുന്നു ജോയല്‍. കഴിഞ്ഞദിവസം കൂട്ടുകാരോടൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അഞ്ചലിലെ സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. രാവിലെ മൃതദേഹം കൊണ്ടുപോകാനെത്തിയപ്പോഴാണ് അഴുകിയ നിലയില്‍ കണ്ടത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തങ്ങളോട് തട്ടിക്കയറുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.







