കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെ വിവിധ ഭാഗങ്ങളില്‍ കള്ളവോട്ട് ആരോപണം ശക്തമായി. കടുത്ത മത്സരം നടക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ സമദ് എന്നയാളാണ് കസ്റ്റഡിയിലായത്. വോട്ടര്‍ സ്ലിപ് ഇല്ലാതെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ ഇയാളെ എല്‍ ഡി എഫ് ബൂത്ത് ഏജന്റുമാര്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല. ഇതേ ചൊല്ലി എല്‍ ഡി എഫ് -യു ഡി എഫ് പ്രവര്‍ത്തര്‍ തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റവും കയ്യാങ്കാളിയും ഉണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുപക്ഷത്തെയും സമാധാനിപ്പിച്ചത്.
പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ വെള്ളൂര്‍ ,കണ്ടോത്ത് ഭാഗങ്ങളിലെ ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യുന്നതായി യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. നാട്ടില്‍ ഇല്ലാത്തവരുടെ വോട്ടുകള്‍ പോലും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തൃപ്പൂണിത്തുറയിലും വ്യാപകമായി കള്ളവോട്ടു ചെയ്തതായി ആരോപണമുണ്ട്. ഇവിടെ ഒരു യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ടെണ്ടര്‍ വോട്ടു ചെയ്യാൻ അനുവദിച്ചു.
കൊല്ലം, വിളക്കു വെട്ടത്തു എല്‍ ഡി എഫ്- യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.







