പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് ആരോപണം. മണ്ഡലത്തിലെ വൃദ്ധ വോട്ടര്‍ക്ക് പണം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പിന്നാലെ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും പാലക്കാട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാള്‍ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും എത്തിയിരുന്നു. അതിനുശേഷമാണ് തൊട്ടടുത്തുള്ള വൃദ്ധയുടെ വീട്ടിലെത്തുകയും കുറച്ചു സമയം ചെലവിടുകയും ചെയ്തത്. ഈ സമയം ശോഭ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന യുവതി വൃദ്ധയ്ക്ക് പണം നല്‍കിയെന്നാണ് ആരോപണം. 5000 രൂപയാണ് നല്‍കിയതെന്നും പറയുന്നു.
പണം കൈമാറിയ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകര്‍ത്തിയത് കാറിലിരുന്ന് കണ്ട ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തകനോട് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വൃദ്ധയോട് വിവരങ്ങള്‍ ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് തനിക്ക് പണം നല്‍കിയെന്ന ആരോപണം വൃദ്ധ നിഷേധിച്ചു.







