കാസര്‍കോട്: ഉജാര്‍, ഉളുവാര്‍ അമ്പിലടുക്കയിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. 4 അങ്കക്കോഴികളുമായി മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍, ബണ്ട്വാളയിലെ ദിനേശ് കല്ലടുക്ക (26), പുത്തൂര്‍, ബാലനാട്ടിലെ ബാലപ്പുഗൗഡ(40), ഉജാര്‍, കടൂര്‍, അമ്പിലടുക്ക ഹൗസിലെ പി ദില്‍ദിത്ത്(31) എന്നിവരെയാണ് കുമ്പള എസ് ഐ കെ .സനീതും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം.
അമ്പിലടുക്ക, പൂമാണി കിന്നി മാണി ദേവസ്ഥാനത്തിനു സമീപത്തെ മൈതാനത്തില്‍ കോഴിക്കോട് നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ കൂട്ടം കൂടി നിന്നിരുന്ന നൂറോളം പേര്‍ ചിതറി ഓടി. എന്നാല്‍ മൂന്ന് പേരെ കയ്യോടെ പിടികൂടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ്, വിജേഷ്, അനൂപ് എന്നവരും ഉണ്ടായിരുന്നു.






