ബെംഗളൂരു: കാമുകിയുടെ ഭര്‍ത്താവിനെ സൗഹൃദം നടിച്ച് ബാറില്‍ കൊണ്ടുപോയി കുടിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മാര്‍ച്ച് 26 ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സുനില്‍ നായക് എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്. സുനില്‍ നായക്കുമായി സൗഹൃദം സ്ഥാപിച്ച മാലിക് അയാളെ ബാറിലെത്തിക്കുകയും മൂക്കറ്റം കുടിപ്പിക്കുകയുമായിരുന്നു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി ബാറിനടുത്തുള്ള ബൊമ്മസാന്ദ്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കുഴിച്ചിട്ടു.
പിന്നാലെ സുനില്‍ നായക്കിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍ നായക്ക് മാലിക്കിനൊപ്പം ബാറിലെത്തിയ വിവരം അറിഞ്ഞു. മാലിക്കിനെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.







