വിവാഹ മോചനം നേടിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പിതാവ്; ദൃശ്യങ്ങള്‍ വൈറല്‍

മീററ്റ്: വിവാഹ മോചനം നേടി സ്വന്തം കുടുംബത്തിലെത്തിയ മക്കളെ കുടുംബം ആഘോഷപൂര്‍വം വരവേറ്റു. മീറ്ററ്റിലെ കോടതി ജഡ്ജിയായിരുന്ന ജ്ഞാനേന്ദ്ര കുമാറും കുടുംബവുമാണ് വിവാഹ മോചിതയായ മകളെ പൂമാലയിട്ട് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷപൂര്‍വം വീട്ടിലേക്ക് ആനയിച്ചത്.

ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ മോചനം നേടുന്ന മക്കളെ സ്വന്തം കുടുംബത്തിലെത്തിയാല്‍ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. ഇത്തരം പെരുമാറ്റം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. അതിന് വിപരീതമായാണ് ഭര്‍ത്താവുമായി ഒരുതരത്തിലും പൊരുത്തപ്പെടാതെ വന്ന മകളോട് മീററ്റിലെ നിയമജ്ഞനായ പിതാവും കുടുംബവും വിവാഹ മോചനം തേടാന്‍ ആവശ്യപ്പെടുകയും കോടതി വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ മകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തത്. ഇതിലൂടെ വിവാഹമോചനം ഒരു മോശം കാര്യമല്ലെന്ന സന്ദേശമാണ് സമൂഹത്തിന് പിതാവ് നല്‍കിയിരിക്കുന്നത്.

2018ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ മേജറായ യുവാവിനെ ജ്ഞാനേന്ദ്ര കുമാറിന്റെ മകള്‍ പ്രണിത വസിഷ്ഠ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നതായി പിതാവ് പറഞ്ഞു. ഒരു കുഞ്ഞ് ജനിച്ച ശേഷവും പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് മകളെ കൊണ്ട് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യിച്ചത്.

കോടതി വിവാഹമോചനം അനുവദിച്ചതോടെ പ്രണിതയെ പിതാവ് പൂമാലയിട്ട് സ്വീകരിക്കുകയും മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ചത്. ഞാന്‍ എന്റെ മകളെ സ്‌നേഹിക്കുന്നു എന്ന് എഴുതിയ കറുത്ത ടീ ഷര്‍ട്ടായിരുന്നു ജ്ഞാനേന്ദ്രയും കുടുംബാംഗങ്ങളും ധരിച്ചിരുന്നത്.

എന്റെ മകളുടെ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെങ്കില്‍, ആ സാഹചര്യത്തില്‍ നിന്ന് അവളെ രക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഒരു രൂപ പോലും ജീവനാംശം ആവശ്യപ്പെടാതെയാണ് മകളെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പെണ്‍മക്കള്‍ ഒരു വസ്തുവല്ല. സമൂഹത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അവരുടെ സന്തോഷത്തിനും അഭിമാനത്തിനുമാണെന്ന് പിതാവ് പറഞ്ഞു. ഇതുപോലെ എല്ലാ കുടുംബങ്ങളും ഭര്‍തൃവീട്ടില്‍ ഒറ്റപ്പെടുന്ന പെണ്‍മക്കളെ രക്ഷിക്കാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page