തിരഞ്ഞെടുപ്പ്: പ്രവചനങ്ങള്‍ക്കു വഴങ്ങാതെ കാസര്‍കോട്ടെ 5 മണ്ഡലങ്ങള്‍

കാസര്‍കോട്: നാളെ കൊട്ടിക്കലാശം നടക്കാനിരിക്കെ സംസ്ഥാനത്തോടൊപ്പം ജില്ലയിലെ അഞ്ചുമണ്ഡലങ്ങളും തിരഞ്ഞെടുപ്പു ചൂടില്‍ വിയര്‍ത്തൊലിക്കുന്നു. പ്രചരണത്തിന്റെ അവസാന അടവുകള്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും പൊടിതട്ടി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതുവരെ ഉണ്ടായ പ്രചരണ തന്ത്രങ്ങളെ മുന്നണികള്‍ പാടെ മാറ്റി മറിക്കുന്നു. സംസ്ഥാനത്ത് ഇടതു- വലതു മുന്നണികള്‍ ഭൂരിപക്ഷം നേടുമെന്നു ഇരുമുന്നണികളും അവകാശപ്പെടുന്നെങ്കിലും ആരെ അധികാരത്തിലെത്തിക്കണമെന്നു തീരുമാനിക്കാനുള്ള ആര്‍ജ്ജവവും കരുത്തും ബി ജെ പി നേടിയെന്നത് ഇരു മുന്നണികളുടെയും കണക്കു കൂട്ടലുകളെ കീഴ്‌മേല്‍ മറിക്കുന്നുണ്ട്. മുന്നണികള്‍ ഒപ്പത്തിനൊപ്പമെത്താന്‍ സാധ്യതയുണ്ടെന്നു വോട്ടര്‍മാര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ ഓരോ മുന്നണിയും എതിര്‍ മുന്നണിയുടെ ഭൂരിപക്ഷം കുറക്കാന്‍ ശ്രമിക്കുമെന്നും വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അവസാനവട്ട തന്ത്രങ്ങളില്‍ ഇതിനു നിര്‍ണ്ണായക സ്വാധീനമുണ്ടാവുമെന്നു പൊതു ധാരണ ഉടലെടുക്കുന്നുണ്ട്.
കാസര്‍കോട്ട് ഏറ്റവും ശക്തമായ മത്സരം പുറംപകിട്ടില്‍ മഞ്ചേശ്വരത്തും തൃക്കരിപ്പൂരുമാണെങ്കിലും ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു ചൂടില്‍ മുന്നണികളുടെ ഉള്ളുരുകുകയാണ്.
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാലാമതു തവണയാണ് ഇതേ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിക്കുന്നത്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ പി ബി അബ്ദുല്‍ റസാഖ് 5828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മഞ്ചേശ്വരത്തു വിജയിച്ചു.

2016ല്‍ വീണ്ടും ഇവര്‍ തമ്മില്‍ നടന്ന മത്സരത്തിലും അബ്ദുള്‍ റസാഖ് വിജയിച്ചെങ്കിലും ഭൂരിപക്ഷം 89 ആയി കുറഞ്ഞു.അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രവീശതന്ത്രിയായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. 2021ല്‍ എ കെ എം അഷ്‌റഫും കെ സുരേന്ദ്രനും തമ്മില്‍ നടന്ന മത്സരത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കു 735 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ആ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ കോന്നി മണ്ഡലത്തിലും മത്സരിച്ചിരുന്നു. രണ്ടു തവണ നേരിയ ഭൂരിപക്ഷത്തിനു കൈവിട്ടു പോയ മഞ്ചേശ്വരം മണ്ഡലത്തെ കൈപ്പിടിയിലൊതുക്കാനുള്ള മുഴുവന്‍ തന്ത്രവും ഇത്തവണ സുരേന്ദ്രന്‍ പയറ്റുന്നു. അടവുകളുടെ കാര്യത്തില്‍ ആരുടെയും പിന്നിലാവാന്‍ മനസ്സില്ലാത്ത അഷ്റഫും തന്ത്രങ്ങളുടെ അരയും തലയും മുറുക്കി നില്‍ക്കുന്നു. ഇടതു മുന്നണിയുടെ ദയാനന്ദനും രംഗത്തുണ്ട്. ഇത്തവണ ജയത്തില്‍ക്കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ് എന്‍ ഡി എ-യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍. മാറ്റം വേണമെന്ന പ്രതീതി വോട്ടര്‍മാരിലും ഉടലെടുത്തിട്ടുണ്ടെന്നു സംസാരമുണ്ട്.
ബങ്കര മഞ്ചേശ്വരം റോഡിലെ റെയില്‍വെഗേറ്റു മാറ്റണമെന്നും അവിടെ ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ദീര്‍ഘകാലമായി ജനങ്ങള്‍ മുറവിളി കൂട്ടുന്നുണ്ട്. ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അടുത്തുള്ള ട്രെയിനുകളുടെ കടന്നുപോക്കിന് ഗേറ്റടക്കുന്നത് മൂലം വാഹനത്തിരക്കും ഗതാഗത തടസ്സവും ഇവിടെ പതിവാണ്. പ്രധാന സര്‍ക്കാര്‍ ഓഫീസുകളും പൊലീസ് സ്റ്റേഷനും ആരാധനാലയങ്ങളും ധനകാര്യ സ്ഥാപനങ്ങളും സ്‌കൂളുകളുമൊക്കെ ബങ്കര മഞ്ചേശ്വരം റോഡിലായത് കൊണ്ട് വാഹനതടസ്സം ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുകയാണ്. അതിനൊരു മാറ്റം വരണ്ടെയെന്ന് ജനങ്ങള്‍ പരസ്പരം ചോദിക്കുന്നുണ്ട്. ഇതു മഞ്ചേശ്വരത്തെ വലിയൊരു പ്രശ്നമായി വോട്ടര്‍മാര്‍ എടുത്തുകാട്ടുന്നു. എല്ലാം ശരിയാവുമെന്നു മൂന്നു സ്ഥാനാര്‍ത്ഥികളും പറയുന്നുണ്ട്.
പുറത്തു പ്രകടമല്ലെങ്കിലും കാസര്‍കോടും ഉദുമയിലും സ്ഥാനാര്‍ത്ഥികളുടെയും മുന്നണികളുടെയും ഉള്ളുരുകുകയാണ്. കല്ലട്ര മാഹിന്‍ ഹാജി, എം എല്‍ അശ്വിനി, ഷാനവാസ് പാദൂര്‍ എന്നിവര്‍ കാസര്‍കോട്ടെ യഥാക്രമം യുഡിഎഫ്, എന്‍ ഡി എ, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളാണ്.

ഈസിയെന്നു കരുതിയിരുന്ന മണ്ഡലങ്ങളെ വിജയം അത്ര അനായാസമല്ലെന്ന സ്ഥിതിയില്‍ എത്തിച്ചിട്ടുണ്ടെന്നു വോട്ടര്‍മാര്‍ പറയുന്നു. സ്ഥാനാര്‍ത്ഥികളുടെ ഗുണഗണങ്ങളും രാഷ്ട്രീയവും പ്രധാനവിഷയമാവുന്നില്ലെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പില്‍ ഇവിടെ പ്രകടമാവുന്നുണ്ട്. നിലവിലെ എം എല്‍ എ സി എച്ച് കുഞ്ഞമ്പുവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മണ്ഡലം നിവാസിയായ കെ നീലകണ്ഠന്‍ വലതു മുന്നണി സ്ഥാനാര്‍ത്ഥിയും മനുമേലത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമാണ്.

കാഞ്ഞങ്ങാടു മണ്ഡലം സംസ്ഥാനത്ത് ഇടതു മുന്നണി ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന മണ്ഡലമായിരിക്കുമെന്നു ഇടതു മുന്നണിയും പ്രവര്‍ത്തകരും മാത്രമല്ല, മറ്റു മുന്നണികളും അവയുടെ പ്രവര്‍ത്തകരും സമ്മതിക്കുന്നു. സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ സൗമ്യതയും അതേസമയം ആര്‍ജവവും നിശ്ചയ ദാര്‍ഢ്യവും രാഷ്ട്രീയത്തിനതീതമായ അത്മബന്ധം വോട്ടര്‍മാരില്‍ ഉറപ്പിച്ചു കഴിഞ്ഞു. വ്യക്തി മഹിമ തിരഞ്ഞെടുപ്പു പ്രചരണത്തിലും നിറഞ്ഞു നില്‍ക്കുന്നതു ആകര്‍ഷകമായിരിക്കുകയാണെന്നു മണ്ഡലം നിവാസികള്‍ പറയുന്നു. മറ്റു മുന്നണികളും പ്രചരണ രംഗത്തുണ്ട്. പ്രചരണം സജീവമാണ്. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഷൈജി ഓട്ടപ്പള്ളി, ബല്‍രാജ് എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍.
തൃക്കരിപ്പൂരില്‍ മണ്ഡലം സ്വദേശിയും നാട്ടുകാര്‍ക്കു സുപരിചിതനുമായ വി പി പി മുസ്തഫയും യു ഡി എഫിലെ സന്ദീപ് വാര്യരും തമ്മിലാണ് പ്രധാന മത്സരം. രവി കുളങ്ങര എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാണ്. ഇടതു- വലതു മുന്നണികളുടെ പോരാട്ടം പ്രചരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ പ്രവചനാതീതമായി മാറിയിട്ടുണ്ട്. മണ്ഡലം നിലനിറുത്താന്‍ ഇടതു മുന്നണിയും പിടിച്ചെടുക്കാന്‍ യു ഡി എഫും നടത്തുന്ന പോരാട്ടം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു ചൂട് വേനല്‍ ചൂടിനെ മറികടക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page