ഷിംല: വീട്ടുപറമ്പില്‍ നിന്ന് പേരയ്ക്ക പറിച്ചതിന് നാലു വയസ്സുകാരിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ സൈകനികനെതിരെ പൊലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ ഉന ബഹ്ദാല ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
പേരയ്ക്ക പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പിടികൂടിയ മുന്‍ സൈനികന്‍ കുട്ടിയെ വീടിന്റെ സ്റ്റെയര്‍ കേസിന്റെ തൂണില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ രോഹിത് ജസ്വാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്. രോഹിത് മുന്‍സൈനികന്റെ വീടിന് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും അത് വകവയ്ക്കാതെ പീഡനം തുടരുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇരുവരും തമ്മില്‍ ഇതുസംബന്ധിച്ച് നീണ്ട തര്‍ക്കവും നടന്നു.
ഒടുവില്‍ രോഹിത്ത് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിവരമറിയിച്ചു. അന്വേഷണത്തിനായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ തെറ്റിന് മുന്‍ സൈനികന്‍ ക്ഷമാപണം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം, പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.







