തിരുവനന്തപുരം: പരശുരാം എക്സ്പ്രസില്‍ മോഷണം. ഇന്നലെ പരശുരാം എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു മോഷണം. ട്രെയിന്‍ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണും മാലയും മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തിയ മോഷ്ടാവ് കഴുത്തില്‍ കിടന്ന മാലയും മൊബൈല്‍ ഫോണുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടി. കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റു. തുടര്‍ന്ന് ട്രെയിന്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതി ബന്ധുക്കള്‍ക്കൊപ്പം തമ്പാനൂര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. തുമ്പ പൊലീസിലും പരാതിപ്പെട്ടു.
തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനാല്‍ സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.







