ന്യൂയോര്‍ക്ക്: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് യാത്രക്കാരനെ തള്ളിയിടുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്.
യു.എസിലെ സിയാറ്റിലിലെ നോര്‍ത്ത് ഗേറ്റ് സ്റ്റേഷനില്‍ മാര്‍ച്ച് 19 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്നത്. 26 കാരനായ എലിസിയോ മെലെന്‍ഡസ് ആണ് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന ഒരു അപരിചിതനെ ലൈറ്റ് റെയില്‍ ട്രെയിനിന് മുന്നില്‍ തള്ളിയിടാന്‍ ശ്രമിച്ചത്.
പീറ്റര്‍ മൈക്കല്‍ വാള്‍ബ്രണ്‍ എന്നയാളെയാണ് എലിസിയോ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചത്. ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോള്‍ ഫോണില്‍ നോക്കി നില്‍ക്കുകയായിരുന്നു പീറ്റര്‍. ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോള്‍ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തില്‍ മെലെന്‍ഡസിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.
സംഭവത്തിന് ശേഷം മെലെന്‍ഡസ് സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാര്‍ച്ച് 24 ന് ഒരു റെസിഡന്‍ഷ്യല്‍ ട്രീറ്റ്‌മെന്റ് ഫെസിലിറ്റിയില്‍ വെച്ച് പൊലീസ് അയാളെ പിടികൂടി. അറസ്റ്റിന് ശേഷം ആരോപണങ്ങള്‍ നിഷേധിച്ച മെലെന്‍ഡസ് തന്റെ വസ്ത്രം ധരിച്ച ആരോ ആയിരിക്കും കുറ്റകൃത്യം ചെയ്തതെന്നും ചിലപ്പോള്‍ അത് തന്റെ ഇരട്ട സഹോദരനാകാം എന്നും പറഞ്ഞു.
മെലെന്‍ഡെസിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മനോരോഗത്തിന് ചികിത്സ തേടിയതായി കണ്ടെത്തി. 2019 ല്‍ ഒരു ഗാര്‍ഹിക പീഡന കേസിലും മെലെന്‍ഡെസ് പ്രതിയായിരുന്നെങ്കിലും ശിക്ഷിക്കാതെ വിട്ടയച്ചിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ മെലെന്‍ഡെസിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ശിക്ഷിക്കാതെ പറഞ്ഞുവിട്ടാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.







