പാലക്കാട്: കാറും ബൈക്കുകളും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോങ്ങാട് മഞ്ചേരിക്കാവില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി കെബിന്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തമിഴ് നാട് സ്വദേശിയായ മറ്റൊരു യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അമിത വേഗതയിലായിരുന്ന കാര്‍ മറ്റൊരു കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. ആദ്യം എതിരെ വരികയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിച്ചെങ്കിലും അവര്‍ അപകടമില്ലാതെ രക്ഷപ്പെട്ടു. പിന്നീടാണ് തമിഴ് നാട് സ്വദേശികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ എഞ്ചിന് തീപിടിക്കുകയും മറിഞ്ഞുവീഴുകയുമായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു യുവാക്കളേയും ആശുപത്രിയിലെത്തിച്ചെങ്കിലും കെബിന്‍ മരണപ്പെടുകയായിരുന്നു. കാര്‍ യാത്രക്കാരായ നാലുപേര്‍ക്കും പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്.







