കണ്ണൂർ: പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും ധർമ്മടം മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്നതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിൽ വിയർപ്പൊഴുക്കും. ഹാട്രിക്ക് വിജയം ലക്ഷ്യമിടുന്ന പിണറായി, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രചാരണത്തി രക്കിലായിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വോട്ടുകൾ വർധിപ്പിച്ച് ജില്ലയിൽ തന്നെ ഉയർന്ന ഭൂരിപക്ഷം നേടിയ മണ്ഡലമായി ധർമ്മടത്തെ മാറ്റിയത് പിണറായിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നടന്ന റോഡ് ഷോയും കൺവെൻഷനും കഴിഞ്ഞ് മറ്റ് മണ്ഡലങ്ങളിലേക്ക് പോയിരുന്ന മുഖ്യമന്ത്രിക്കായി പാർട്ടി പ്രവർത്തകരാണ് ഇതുവരെ വോട്ട് തേടിയത്. ഇപ്പോൾ അദ്ദേഹം നേരിട്ട് രംഗത്തിറങ്ങുന്നതോടെ പ്രചാരനം കത്തിക്കയറുമെന്ന് പ്രവർത്തകർ പറയുന്നു. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം നേടണമെന്നതാണ് അണികളുടെ ലക്ഷ്യം.അതേസമയം മത്സരം കടുപ്പമായതോടെ പിണറായി ആശങ്കയിലായിട്ടുണ്ടെന്നു യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദ് പറയുന്നു. ആദ്യ മത്സരത്തിൽ തന്നെ തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ചെന്ന അനുഭവം മുന്നോട്ട് വെച്ചാണ് റഷീദ് പ്രചാരണം ശക്തമാക്കുന്നത്. കഴിഞ്ഞ തവണ എം വി ഗോവിന്ദനായിരുന്നു എതിരാളിയെങ്കിൽ ഇത്തവണ മുഖ്യമന്ത്രി തന്നെയാണെന്നത് അദ്ദേഹത്തിന്കൂടുതൽ ആവേശവും വാശിയും നൽകുന്നുവെന്നും പറയുന്നു.പ്രചാരണം ശക്തമാകുന്നതിനിടെ സ്ഥാനാർത്ഥിയെ തടയുന്ന സംഭവങ്ങൾ ഉണ്ടായതും റഷീദ് ചൂണ്ടിക്കാട്ടി. വികസന മാന്ദ്യമാണ് മണ്ഡലത്തിലെ മുഖ്യ വിഷയമെന്നും സംസാരമുണ്ട്. എൽഡിഎഫ് താരശോഭയുള്ള പരിപാടികളിലൂടെ പ്രചാരണം കൊഴുപ്പിക്കുമ്പോൾ, യുഡിഎഫ് നേരിട്ട് വോട്ടർമാരെ കാണുന്ന രീതിയാണ് പിന്തുടരുന്നത്.ഇതിനിടെ ബിജെപിയും വോട്ട് വർധിപ്പിക്കാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്.. സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കി മത്സരരംഗത്തിറങ്ങിയ ബിജെപി, റോഡ് ഷോകളുമായിസജീവമായി നിൽക്കുന്നു. നടൻ സുരേഷ് ഗോപിയടക്കമുള്ള നേതാക്കളുടെ സാന്നിധ്യം പ്രവർത്തകരിൽ ആവേശം വർധിപ്പിക്കുന്നുണ്ട് .







