ബൈജിങ്: അമേരിക്കയെയും റഷ്യയെയും വെല്ലുവിളിക്കാൻ കഴിയുന്നത്ര ശക്തിയുള്ള ആണവായുധങ്ങൾ വികസിപ്പിക്കാൻ ചൈന രഹസ്യ നീക്കങ്ങൾ ശക്തമാക്കുന്നതായി റിപ്പോർട്ട്. നിലവിലെ ആണവ പദ്ധതികൾ വിപുലീകരിച്ച് ആയുധങ്ങളുടെ എണ്ണം കൂടുകയും പ്രഹര ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ഇന്ത്യയ്ക്കു ആശങ്കയാകുന്ന സാഹചര്യമാണ്.സിചുവാൻ പ്രവിശ്യയിലെ ഗ്രാമങ്ങൾ ഒഴിപ്പിച്ചുകൊണ്ട് വലിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളും ചൈനയുടെയും അമേരിക്കയുടെയും സൈനിക രേഖകളും വിശദമായി പരിശോധിച്ചാണ് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ വിഷയത്തിൽ പ്രതികരണം തേടിയപ്പോൾ, ഇതുസംബന്ധിച്ച് അറിവില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയംപ്രതികരിച്ചതെന്നു പറയുന്നു. ചൈനയുടെ ആണവ പദ്ധതികൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം ചൈന സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട്. റഷ്യയും അമേരിക്കയും തമ്മിലുള്ള ആയുധ നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാർട്ട്’ ഈ വർഷം തുടക്കത്തിൽ കാലഹരണപ്പെട്ടിരുന്നു. റഷ്യയ്ക്കൊപ്പം ചൈനയെയും ഉൾപ്പെടുത്തി പുതിയ കരാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ യാത്ര. ഇറാനുമായുണ്ടായ സംഘർഷങ്ങൾ കാരണം മുമ്പ് നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവെച്ചിരുന്നു.അമേരിക്കയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും വേഗത്തിൽ ആണവായുധങ്ങൾ വികസിപ്പിക്കുന്ന രാജ്യമാണ് ചൈന. നിലവിൽ 600-ലധികം ആണവായുധങ്ങൾ ചൈനയുടെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, അമേരിക്കയുടെയും റഷ്യയുടെയും കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം ചൈനയേക്കാൾ നാലിരട്ടിയിലധികമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







