ന്യൂഡെൽഹി:പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നു വാണിജ്യ എൽപിജി സിലിണ്ടർ വില വർധന ഇന്ന്പ്രാബല്യത്തിൽ വരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപയും കൊൽക്കത്തയിൽ 218 രൂപയും വർധിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജിയുടെ പുതിയ വില 2,078.50 രൂപയായി. മാർച്ച് ഒന്നിന് 114.50 രൂപ വർധിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വർധനവാണിത്. എന്നാൽ ഗാർഹിക പാചകവാതക നിരക്കിൽ ഇപ്പോഴും മാറ്റമില്ല.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ എല്ലാ മാസവും ആദ്യ ദിവസം എൽപിജി, എടിഎഫ് വിലകൾ പുനർനിർണയിക്കുന്ന പതിവ് രീതി അനുസരിച്ചാണ് ഈ വർധന.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതാണ് ആഗോള ഊർജ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ലോകത്തിലെ മൊത്തം ഊർജ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നതു ഈ ജലപാതയിലൂടെയാണ്. ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം ഒട്ടേറെ രാജ്യങ്ങൾ ഇതിനകം ഗുരുതരമായ എൽപിജി ക്ഷാമം അനുഭവിക്കുന്നുണ്ട്. വാണിജ്യ എൽപിജി വിതരണ പരിധി 70 ശതമാനമായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.







