നളന്ദ: നളന്ദ ശിതല ക്ഷേത്രത്തില്‍ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ചതോറും ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടാകാറുണ്ടെന്നും ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ ഇന്ന് മറ്റ് ദിവസങ്ങളേക്കാള്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നുവെന്നും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമെന്നുമാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രദേശവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭക്തര്‍ ക്യൂവില്‍ നില്‍ക്കാന്‍ കൂട്ടാക്കാതെ ദര്‍ശനത്തിന് ശ്രമിച്ചതാണ് തിരക്ക് കൂടാന്‍ കാരണമെന്നാണ് വിവരം. നിരവധി പേര്‍ ദര്‍ശനത്തിനായി തടിച്ചുകൂടിയിരുന്നുവെന്നും നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നും ഭക്തര്‍ ആരോപിച്ചു. പിന്നാലെ ദീപ്നഗര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള രാജ്മണിയെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ബീഹാര്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ ആറു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. അപകട സമയത്ത് ബീഹാറിലെ നളന്ദയിലുണ്ടായിരുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.







