അക്ഷരകേന്ദ്രത്തിന്റെ അവസാനം മാലിന്യ കേന്ദ്രം

കാസര്‍കോട്: അക്ഷരങ്ങളുടെയും അറിവിന്റെയും അവസാനം മാലിന്യമാണെന്നു കുമ്പള പഞ്ചായത്ത് കണ്ടു പിടിച്ചു. കണ്ടു പിടിക്കുക മാത്രമല്ല, നാടിനെ അത് തുറന്നു കാട്ടുന്നു. ലോകമെമ്പാടും ഈ കണ്ടു പിടിത്തം പ്രചരിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
ജീവിതത്തിന്റെ പരമ പ്രധാനമായ വിവാഹകര്‍മ്മം മംഗളവും ശുഭകരവുമാക്കുന്നതിന് ദശാബ്ദങ്ങള്‍ക്കു മുമ്പ് അക്കാലത്തെ ആധുനിക സംവിധാനങ്ങളോടെ കുമ്പളയില്‍ ഒരു ഹാള്‍ പഞ്ചായത്ത് പണിഞ്ഞിരുന്നു. ഹാള്‍ പണിഞ്ഞ് മോടിയോടെ പരിപാലിച്ചെങ്കിലും അതില്‍ വിവാഹച്ചടങ്ങു നടത്താന്‍ അധികമാരും എത്തിയില്ല. മറ്റു പൊതുപരിപാടികള്‍ക്കും ആ ഹാള്‍ തേടി ആരുമെത്താതായതോടെ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച പഞ്ചായത്ത് പദ്ധതിക്കു കാടുപിടിച്ചു.


അതിനിടയില്‍ കുമ്പള ഗവ. സ്‌കൂള്‍ സ്ഥല പരിമിതി കൊണ്ടു വീര്‍പ്പുമുട്ടിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും ധാരണയിലെത്തി ഹാള്‍ സ്‌കൂള്‍ ക്ലാസുകള്‍ക്കു വിട്ടു കൊടുത്തു. ഇതിനിടയില്‍ സ്‌കൂളിന് ആവശ്യമായ സൗകര്യം സ്‌കൂളില്‍ തന്നെ ഉണ്ടായപ്പോള്‍ ഹാളിലെ ക്ലാസ് സമ്പ്രദായം നിറുത്തി. അതിനു ശേഷം ഐഎച്ച്ആര്‍ഡി അവരുടെ കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിമിതിയുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ അനുവദിച്ചപ്പോള്‍ അതു പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിലാക്കാമെന്നു പൊതു നിര്‍ദ്ദേശമുണ്ടാവുകയും പഞ്ചായത്ത് വാടകക്ക് ഹാള്‍ ഐഎച്ച്ആര്‍ഡി കോളേജിനു വിട്ടു കൊടുക്കുകയും ചെയ്തു. വാടക പ്രശ്നത്തില്‍ ഇടക്കിടക്ക് ഉടക്കുണ്ടായിരുന്നെങ്കിലും കോളേജ് ആ കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം കുണ്ടങ്കേരടുക്കയിലെ ഇപ്പോള്‍ സ്വന്തം സ്ഥലത്ത് കെട്ടിടമുണ്ടാക്കി ഐഎച്ച്ആര്‍ഡി അവരുടെ കോളേജ് അങ്ങോട്ട് മാറ്റിയതോടെ കെട്ടിടം വീണ്ടും അനാഥമായ നിലയിലെത്തിയിരുന്നു. ഈ ഘട്ടത്തിലാണ് പഞ്ചായത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥലം തേടിക്കൊണ്ടിരുന്ന പഞ്ചായത്തിന് പഞ്ചായത്തില്‍ അക്ഷരവെളിച്ചം തെളിച്ചിരുന്ന കെട്ടിടം ഓര്‍മ്മയിലെത്തിയതെന്നു പറയുന്നു. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങളും നാട്ടുകാരുടെ ജൈവ അജൈവമാലിന്യങ്ങളുമൊക്കെ നിക്ഷേപിക്കാന്‍ ഈ കെട്ടിടം മാറ്റിയെന്നും, അതല്ല നാട്ടുകാര്‍ അവരുടെ ഇഷ്ടം പോലെ അവിടെ കൊണ്ടു തള്ളുകയാണെന്നും പറയുന്നുണ്ട്. എന്തായാലും ദശാബ്ദങ്ങള്‍ അക്ഷരകേന്ദ്രമായിരുന്ന കെട്ടിടം അവസാനമിപ്പോള്‍ മാലിന്യ കേന്ദ്രമായി മാറിയിരിക്കുന്നു. മലിനമായിരിക്കുന്നു.

കെട്ടിടത്തിനകത്തു മാത്രമല്ല, കെട്ടിടത്തിനു ചുറ്റും അതു കിടന്നു നാറുന്നു. നായ്കള്‍ അതിനുചുറ്റും തമ്പടിച്ചു വിഹരിക്കുന്നു. ഇഴജന്തുക്കളും രോഗാണുക്കളും അവിടെ പെരുകുന്നുണ്ടെന്നും മഴയാവുന്നതോടെ മാരകരോഗങ്ങള്‍ക്കു എല്ലാ സാധ്യതയും പഞ്ചായത്ത് ഒരുക്കിവെച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ രഹസ്യമായി സ്വകാര്യം പറയുന്നു. ഇതിനു തൊട്ടടുത്താണ് ഗവ. ഹൈസ്‌കൂളും മറ്റുമുള്ളത്.
തിരഞ്ഞെടുപ്പില്‍ ഇത് ഒരു വിഷയമേ ആയിട്ടില്ലെന്നു പറയുന്നുണ്ട്. ഇതൊക്കെ പറയാനും നാട്ടിലെ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും രാഷ്ട്രീയക്കാര്‍ക്കും മുന്നണിക്കാര്‍ക്കും എവിടെ സമയമെന്നും ആളുകള്‍ സ്വകാര്യം പറയുന്നുണ്ട്. അക്ഷരം പഠിച്ചാലും അറിവു നേടിയാലും അതവസാനം ചെന്നെത്തുന്നത് മാലിന്യത്തിലാണെന്ന വലിയ അറിവ് എന്തായാലും ഇതുവഴി പഞ്ചായത്ത് നാടിനു സംഭാവന ചെയ്തിരിക്കുകയാണെന്ന കാര്യം പഞ്ചായത്തില്‍ എല്ലാവരും തലകുലുക്കി സമ്മതിക്കുന്നു. മറ്റു പഞ്ചായത്തുകളും ഈ മാതൃക ആലോചിച്ചേക്കുമെന്ന് പഞ്ചായത്ത് അധികൃതരും പ്രതീക്ഷിക്കുന്നുണ്ടെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page