ലക്‌നൗ: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് ജയിലിലായി. പിന്നാലെ അനാഥരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കിയ അമ്മാവന്‍മാരില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് പൊലീസ്. ഇതുസംബന്ധിച്ച് 17 കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് ക്രൂരമായ പീഡന വിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ രണ്ട് അമ്മാവന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തന്റെ 16 കാരിയായ സഹോദരിയെ അമ്മാവന്‍മാര്‍ വിറ്റുവെന്ന് 17 കാരി പരാതിയില്‍ ആരോപിച്ചിരുന്നു. സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമാണ് തന്നെ നിരന്തരം പീഡനത്തിനിരയാക്കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇളയ സഹോദരിയെ പണത്തിനു വേണ്ടിയാണ് ഇരുവരും ചേര്‍ന്ന് നാടുകടത്തിയതെന്നു പെണ്‍കുട്ടി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് വേനലവധി ആഘോഷിക്കാനായി പെണ്‍കുട്ടിയും സഹോദരിയും ബര്‍ഖേര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അമ്മാവന്‍മാരുടെ വീട്ടിലെത്തിയത്. ജൂലൈ മൂന്നിന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട് പിതാവ് ജയിലിലായതോടെ പെണ്‍കുട്ടികള്‍ ബന്ധുക്കളുടെ സംരക്ഷണയിലായി. ആദ്യമൊക്കെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോയെങ്കിലും അമ്മാവന്‍മാര്‍ പിന്നീട് അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു.
സെപ്റ്റംബറില്‍ അമ്മാവന്‍മാര്‍ ഇളയ സഹോദരിയെ എങ്ങോട്ടോ കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവന്‍മാര്‍ ഫോണില്‍ സംസാരിക്കുന്നത് കേട്ടതോടെയാണ് സഹോദരിയെ അവര്‍ വിറ്റതാണെന്ന് പെണ്‍കുട്ടി മനസ്സിലാക്കുന്നത്.
സഹോദരിയെ മാറ്റിയതിന് പിന്നാലെയാണ് 17 കാരിക്ക് നേരെയുള്ള പീഡനം തുടര്‍ന്നത്. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൂത്ത അമ്മാവന്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നും ഈ സമയം ഇളയ അമ്മാവന്‍ വാതിലിനു പുറത്ത് കാവല്‍ നിന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
അമ്മാവന്‍മാരുടെ പീഡനം ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും സഹായിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാണാതായ ഇളയ സഹോദരിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.







