കോട്ടയം: വിവാഹ ചിത്രങ്ങളെടുക്കാന്‍ നല്‍കിയ കരാര്‍ പാലിച്ചില്ലെന്ന ദമ്പതികളുടെ പരാതിയില്‍ സ്റ്റുഡിയോഉടമയ്ക്ക് കോടതി രണ്ടര ലക്ഷം രൂപ പിഴയിട്ടു. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പിലെ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷും നല്‍കിയ പരാതിയിലാണ് കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരെ ജില്ലാ ഉപഭോക്തൃ ഫോറം നടപടി എടുത്തത്.
ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80,000 രൂപയും നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ഇത് കൂടാതെ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 മേയ് 19നായിരുന്നു വിവാഹം. ചടങ്ങിന്റെ ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി, ഹെലികാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ സ്ഥാപനം 95,000 രൂപയുടെ പാക്കേജാണ് എടുത്തിരുന്നത്. 80,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും സ്ഥാപനം ലഭ്യമാക്കിയില്ലെന്നാണ് പരാതി. വിവാഹ ചടങ്ങിലെ മധുരം വെപ്പ് ഉള്‍പ്പെടെയുള്ള പല ചടങ്ങുകളും പകര്‍ത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് സ്റ്റുഡിയോ ഉടമ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇതോടെയാണ് കോടതി സ്ഥാപനത്തിന് പിഴ ശിക്ഷ വിധിച്ചത്. ഫോറം പ്രസിഡന്റ് അഡ്വ. വി.എസ് മനുലാല്‍, അംഗങ്ങളായ അഡ്വ. ആര്‍.ബിന്ദു, കെ.എം ആന്റോ എന്നിവരാണ് കേസില്‍ വാദം കേട്ട് ശിക്ഷ വിധിച്ചത്.







