പൊതുനിരത്തില്‍ നായ്ക്കളെ ചങ്ങലയിടാതെ കൊണ്ടുപോയാല്‍ ഇനി 1000 രൂപ പിഴ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചങ്ങലയില്ലാതെ വളര്‍ത്തുനായയെ കൊണ്ടുപോയാല്‍ നിലവിലുള്ള പിഴയായ 50 രൂപ 1000 രൂപയായി വര്‍ധിപ്പിച്ചു. മുനിസിപ്പല്‍ നിയമങ്ങളിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ പ്രകാരമാണ് വര്‍ധനവ്. വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്സഭയില്‍ അവതരിപ്പിച്ച ജന്‍ വിശ്വാസ് ബില്ല് 2025 ന്റെ ഭാഗമാണ് ഈ മാറ്റം. 1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരമുള്ള പിഴ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

നിരവധി പൗരാവകാശ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. പൊതുവഴികളില്‍ കന്നുകാലികളെ കെട്ടിയിട്ടാലും വീട്ടു നമ്പറുകള്‍ വികൃതമാക്കിയാലും യഥാക്രമം 100 രൂപയും 50 രൂപയും ആയിരുന്ന പിഴ 1,000 രൂപയായി ഉയര്‍ത്തി. മാലിന്യ ശേഖരണം ക്രമീകരിക്കാത്തതോ മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നതോ ഉള്‍പ്പെടെയുള്ള ശുചിത്വവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് 500 രൂപ പിഴ ചുമത്തും. മാലിന്യം തള്ളുകയോ മാലിന്യം തെരുവുകളിലേക്ക് ഒഴുക്കിവിടുകയോ ചെയ്താല്‍ 200 രൂപയാണ് പിഴ.

ജനന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് പോലുള്ള ചില കുറ്റകൃത്യങ്ങള്‍ക്ക് ഇനി പിഴ ഈടാക്കില്ല. ലൈസന്‍സില്ലാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിച്ചാല്‍ 2,000 രൂപ പിഴ ഈടാക്കും. കെട്ടിട സുരക്ഷയെക്കുറിച്ചുള്ള നിയമങ്ങളും ബില്‍ കര്‍ശനമാക്കുന്നു.

നിസ്സാര നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റങ്ങളാക്കി മാറ്റാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. റോഡുകളില്‍ തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ സാധനങ്ങള്‍ വെക്കുന്നതും അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കുന്നതും ആറ് മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാകും. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ക്രിമിനല്‍ കോടതികള്‍ക്ക് പകരം മുനിസിപ്പല്‍ അധികൃതര്‍ക്ക് നേരിട്ട് കേസുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരവും ബില്‍ വ്യവസ്ഥ ചെയ്യുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഇതിന്റെ ചുമതല. പരാതികളില്‍ 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും ആറ് മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കാനും ലക്ഷ്യമിടുന്ന പുതിയ സംവിധാനം പാര്‍ലമെന്റ് ബില്‍ പാസാക്കുന്നതോടെ നിലവില്‍ വരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page