മലപ്പുറം: യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കു ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കു വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
തവനൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ ഹാജി. സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന ബൂത്തിലെ യു ഡി എഫിന്റെ മണ്ഡലം- ബൂത്ത് ഭാരവാഹികളെ ഗള്‍ഫില്‍ കൊണ്ടുപോവുകയും 15 ദിവസം അവിടെ താമസിപ്പിക്കാനും ഭക്ഷണത്തിനുമുള്ള ഏര്‍പ്പാടുകളും യാത്രാച്ചെലവും താന്‍ വഹിക്കുമെന്നുമായിരുന്നു പ്രഖ്യാപനമെന്നു പറയുന്നു. യു ഡി എഫ് ഏറ്റവും കൂടുതല്‍ വോട്ട് ലീഡ് ചെയ്യുന്ന പഞ്ചായത്തുകളിലെ യു ഡി എഫ് – ലീഗ് ഭാരവാഹികള്‍ക്കും പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.







