കോഴിക്കോട്: ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശികളായ റൂബിന്‍ രാജ്, ഹജ്സല്‍ ഹമീന്‍ എന്നിവരാണ് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. വടകര റെയില്‍വെ സ്റ്റേഷനില്‍ വച്ച് യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കുടുങ്ങിയത്.
യുവതികളുടെ അടുത്തെത്തിയ യുവാക്കള്‍ ഓണ്‍ലൈനായി പണം തിരികെ അയക്കാം എന്ന് പറഞ്ഞ് അവരോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ വഴി പണം അയച്ചതായി സ്‌ക്രീന്‍ ഷോട്ട് കാണിച്ച് മുങ്ങാന്‍ ശ്രമിച്ച യുവാക്കളെ സംശയം തോന്നിയ യുവതികള്‍ കയ്യോടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ സൈബര്‍ ക്രൈം പൊലീസെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പണം തിരികെ അയക്കാതെ ആപ്ലിക്കേഷനില്‍ ട്രാന്‍സാക്ഷന്‍ നടന്നതായി കാണിക്കുന്ന തരത്തില്‍ കൃത്രിമമായി തയ്യാറാക്കിയ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.







