കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പാട്ടുംപാടി ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മണ്ഡലങ്ങളിലും യു ഡി എഫിനു യാതൊരു തരത്തിലുമുള്ള ആശങ്കയുമില്ല.

യു ഡി എഫ് 100ല്‍ അധികം സീറ്റ് നേടി അധികാരത്തില്‍ വരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ഡീലുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു. യു ഡി എഫിനു ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി ആരാണെന്നു പാര്‍ട്ടി തീരുമാനിക്കും. ഇടതു മുന്നണിയും എസ് ഡി പി ഐയും തമ്മില്‍ ഡീലിലാണ്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ തുടങ്ങിയവരും ചെന്നിത്തലയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.






