പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ചാലാട് ഹിറ മോസ്‌ക്കിനു മുന്‍വശത്തെ നൂറുദ്ദീന്‍ വില്ലയില്‍ നാദിര്‍ നൂറുദ്ദീന്‍ (41), ഭാര്യ എസ് എസ് ഐന (33), എടക്കാട്, നടാല്‍ വായനശാലയ്ക്കു സമീപത്തെ നസീമ മന്‍സിലിലെ കെ ഷാനിദ് (36)എന്നിവരെയാണ് പയ്യന്നൂര്‍ എസ് ഐ പി വി അനുശ്രീയും സംഘവും അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ച രാത്രി 10.15മണിയോടെ വെള്ളൂര്‍, കണ്ടോത്ത് കുറുംബ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. പയ്യന്നൂര്‍ ഭാഗത്തു നിന്നു മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എസ് ഐ അനുശ്രീയും സംഘാംഗങ്ങളായ എസ് ഐ സുഭാഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ്, ഡാന്‍സാഫ് അംഗങ്ങളായ ബിനേഷ്, സജിത്ത്, നിഷാന്ത്, ശ്രീജിത്ത് എന്നിവര്‍ കണ്ടോത്ത് ദേശീയപാതയില്‍ എത്തിയത്.
ഈ സമയത്ത് കോത്തായിമുക്ക് ഭാഗത്തു നിന്നും എത്തിയ കാറിനു പൊലീസ് സംഘം കൈ കാണിച്ചുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കാതെ അമിതവേഗതയില്‍ മുന്നോട്ടു കുതിച്ചു. ഇതോടെ പൊലീസ് സംഘം പിന്തുടര്‍ന്നു. എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര റോഡില്‍ വച്ച് കാറിനെ പൊലീസ് സിനിമാ സ്റ്റൈലില്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. തുടര്‍ന്ന് കാറിനകത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.






