കൊച്ചി: കഴിഞ്ഞദിവസം കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കന്‍സ് കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ബിഹാര്‍ സ്വദേശി ശത്രുഘ്‌നനാണ് മരിച്ചത്. കഴിഞ്ഞ 22 വര്‍ഷമായി ശത്രുഘ്‌നന്‍ കേരളത്തില്‍ താമസിക്കുന്നു. ശത്രുഘ്‌നന്റെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കില്‍ ജോലി നല്‍കണമെന്നും ജില്ലാ കളക്ടര്‍ കമ്പനിയോട് നിര്‍ദേശിച്ചു. തീപിടുത്തത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
ശത്രുഘ്‌നന്റെ സംസ്‌കാരം കളമശ്ശേരിയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികള്‍ അപകടം ഉണ്ടായപ്പോള്‍ പുറത്തേക്ക് ഓടുകയായിരുന്നു. വാല്‍വ് ഓഫാക്കാനായി അകത്തേക്ക് പോയ ശത്രുഘ്ജ്ഞന്‍ അവിടെ കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.







