ചെങ്ങന്നൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ആളുടെ മൃതദേഹം കാഞ്ഞിരമറ്റത്ത് റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തി. പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ സ്വദേശി ബിനു ഫിലിപ്പിന്റെ (മനു-52) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍വേ ജീവനക്കാരുടെ പതിവ് പാളം പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് ബിനു ഫിലിപ്പിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ സീറ്റില്‍ നിന്നു ലഭിച്ചിരുന്നു. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞ ശേഷം ബിനു ഫിലിപ്പ് ഉറങ്ങാന്‍ കിടന്നിരുന്നതായി സഹയാത്രക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ എവിടെ വച്ചാണ് കാണാതായതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇവിടെ എവിടെയെങ്കിലും വച്ച് അദ്ദേഹം ഇറങ്ങിയിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം.
നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







