തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് 2022ല്‍ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട റൗഡി ഷീറ്റര്‍, അന്വേഷണം കാസര്‍കോട് ജില്ലയിലേയ്ക്കും

തലപ്പാടി: തൊക്കോട്ടു ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ വെട്ടിക്കൊന്നു. കുദ്രോളി സ്വദേശിയും ആറുവര്‍ഷമായി അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന ടാബ്‌ലറ്റ് ഹാരിഫ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗ്‌ളൂരുവിലെ മത്സ്യ വ്യാപാരിയാണ് ആരിഫ് ഹുസൈന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ എത്തിയപ്പോള്‍ കാറിലെത്തിയ ഒരു സംഘം ബൈക്കു തടഞ്ഞു നിര്‍ത്തുകയും ആരിഫിനെ റോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പറയുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഡി സി പി മിഥുന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മംഗ്‌ളൂരു, ബന്തര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ഷീറ്റര്‍ ആണ് കൊല്ലപ്പെട്ട ആരിഫ് ഹുസൈന്‍ എന്നു പൊലീസ് പറഞ്ഞു.
2022 മെയ് മാസത്തിലും ആരിഫ് ഹുസൈനെതിരെ വധശ്രമം ഉണ്ടായിരുന്നു. ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയില്‍ ബജാല്‍ എന്ന സ്ഥലത്തിനു സമീപത്ത് വച്ച് തൊപ്പി നൗഫലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്. അന്ന് തലനാരിഴയ്ക്കാണ് ആരിഫ് ഹുസൈന്‍ രക്ഷപ്പെട്ടത്. ആ കേസില്‍ നൗഫലിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ആരിഫ് ഹുസൈന്റെ കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നു കാറില്‍ കടന്നു കളഞ്ഞ കൊലയാളി സംഘം കാസര്‍കോട് ജില്ലയിലേയ്ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ 3.30 മണിക്കു ശേഷം തലപ്പാടി വഴി കാസര്‍കോട്ടേക്ക് പോയ വാഹനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ കൊലയാളികള്‍ കാസര്‍കോട് ജില്ലയിലേയ്ക്ക് കടക്കാന്‍ സാധ്യത ഇല്ലെന്നാണ് കേരള പൊലീസിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തലപ്പാടിയില്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ കേരളത്തിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ഇതാണ് കൊലയാളികള്‍ കാസര്‍കോട് ജില്ലയില്‍ എത്താനുള്ള സാധ്യത ഇല്ലെന്ന നിഗമനത്തില്‍ എത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും അതിര്‍ത്തി പ്രദേശങ്ങളില്‍ തികഞ്ഞ ജാഗ്രതയ്ക്കും നിരീക്ഷണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page