കാസര്‍കോട്: മംഗല്‍പ്പാടി, അടുക്കയില്‍ നിര്‍ത്തിയിട്ട മീന്‍ ലോറി മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. മോഷണം പോയ ലോറിയും കണ്ടെത്തി. കൊടിയമ്മ, ഇച്ചിലംപാടിയിലെ മുളിയടുക്ക ഹൗസിലെ എ പി അബ്ദുള്ള(32), എടനാട്ടെ മുഹമ്മദ് റിസ്‌വാന്‍ (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ സനിത് എന്നിവര്‍ അറസ്റ്റു ചെയ്തത്. അടുക്കയിലെ സെഡ്. എം .എസ് ഫിഷ് സര്‍വ്വീസ് ഓഫീസിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ലോറി ശനിയാഴ്ച രാത്രി 11.30 മണിക്കും ഞായറാഴ്ച രാവിലെ എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് മോഷണം പോയതെന്നു പറയുന്നു. ജി പി എസ് സംവിധാനം തകര്‍ത്താണ് മോഷ്ടാക്കള്‍ ലോറിയുമായി കടന്നു കളഞ്ഞതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എടനാട് റോഡരുകില്‍ നിര്‍ത്തിയിട്ട നിലയിലാണ് ലോറി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.






