കാസര്‍കോട്: നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. ഇന്നോവകാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍, എടക്കഴിയൂര്‍ പുന്നയൂര്‍ സൗത്തിലെ അറക്കപറമ്പില്‍ ഹൗസില്‍ എ എച്ച് ആന്‍സിഫ് (40), മഞ്ചേശ്വരം, കുഞ്ചത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ ഭൂമിക നിലയത്തില്‍ എ ആര്‍ ഗിരീഷ് (39) എന്നിവരെയാണ് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നീലേശ്വരം, മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തെ കോട്ടപ്പുറം റോഡ് ജംഗ്ഷനില്‍ ആണ് സ്പിരിറ്റ് വേട്ട നടന്നത്.
എസ് ഐ ജിഷ്ണു, എസ് ഐ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു, ഡ്രൈവര്‍ സുമേഷ് എന്നിവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടയിലാണ്ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശം പൊലീസിനു ലഭിച്ചത്. ഇതനുസരിച്ചാണ് പൊലീസ് സംഘം കോട്ടപ്പുറം റോഡ് ജംഗ്ഷനിലേയ്ക്ക് കുതിച്ചെത്തിയത്. അമിത വേഗതയില്‍ എത്തിയ ഇന്നോവ കാറിനെ പൊലീസ് വാഹനം റോഡിനു കുറുകെയിട്ട് തടഞ്ഞു നിര്‍ത്തുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇന്നോവ കാറിന്റെ സീറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു കാര്‍. 35 ലിറ്ററിന്റെ 34 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് പ്രതികളെയും തൊണ്ടി മുതലും പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. മൂന്നു കാറുകളിൽ സ്പിരിറ്റു കടത്തുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ രണ്ടു കാറുകൾ പൊലീസിനു പിടി കൊടുക്കാതെ രക്ഷപ്പെട്ടുവെന്നു സംശയിക്കുന്നു.







