‘സ്ഥാനാര്‍ത്ഥി’പ്പാന

നാരായണന്‍ പേരിയ

പൂന്തേനാം പല കാവ്യം കണ്ണന് നിവേദിച്ച പൂങ്കുയിലായ ഭക്ത കവി പൂന്താനം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ തന്റെ ജ്ഞാനപ്പാനയിലെ വരികള്‍ ഇപ്രകാരം തിരുത്തി എഴുതിയേനേ. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു, മാനം കെട്ടു നടക്കുന്നിതുപലര്‍. തന്റെ കൃതിയുടെ പേരും മാറ്റാമായിരുന്നു. സ്ഥാനാര്‍ത്ഥിപ്പാന എന്ന്. ജ്ഞാനപ്പാനയ്ക്കു പകരം സ്ഥാനാര്‍ത്ഥിപ്പാന. കാലോചിതമായ മാറ്റം. (സ്ഥാനാര്‍ത്ഥി അല്ല,സ്ഥാനാര്‍ത്തി. സ്ഥാനത്തില്‍ ആര്‍ത്തിയുള്ളവന്‍ എന്നര്‍ത്ഥം. സ്ഥാനത്തില്‍ ആര്‍ത്തിയുള്ളവരുടെ പാട്ട് ‘സ്ഥാനാര്‍ത്ഥി’പ്പാന.

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിക്കാന്‍. വോട്ടെടുപ്പും ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാന്‍- നാണവും മാനവും ഇല്ലാത്തവര്‍ എന്തും ചെയ്യും. ആരുടെ കാലും പിടിക്കും, അല്ല നക്കും. മന്ത്രിയായി ജനങ്ങള്‍ക്ക് ക്ഷേമൈശ്വര്യങ്ങള്‍ പ്രദാനം ചെയ്യാനല്ല, സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍, പോക്കറ്റല്ല മാറാപ്പ്.

തിരഞ്ഞെടുപ്പ് ആസന്നമായി എന്ന് കാണുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം വണ്ടി വിടുന്നത് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ അടുത്തേയ്ക്ക്. ആരെല്ലാമാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് ചോദിക്കും. അക്കാര്യം ഹൈക്കമാന്റ് തീരുമാനിക്കും എന്നായിരിക്കും മറുപടി. അത് പാടേ അവഗണിച്ചു കൊണ്ട് വാര്‍ത്ത കൊടുക്കും. പിറ്റേന്ന് വായിക്കാം ഇന്നയാള്‍ (പേര് വിവരം) സ്ഥാനാര്‍ത്ഥി ‘ആയേക്കും’ മത്സരിച്ചേക്കും, കൂട്ടുകെട്ടിലേര്‍പ്പെട്ടേക്കും; ‘ഏയ്ക്കും’-പുതിയ ശൈലി. ഉറപ്പിച്ച വാര്‍ത്ത എഴുതാന്‍ നിവൃത്തിയില്ല; സംശയം അപ്പോള്‍ ‘ഏയ്ക്കും’ പറയാനും വയ്യ; പറയാതിരിക്കാനും വയ്യ. അപ്പോള്‍ ‘ഏയ്ക്കും’എന്ന് എഴുതുകയല്ലാതെ നിര്‍വാഹമില്ലല്ലോ.

ഇതും ഈ കുറിപ്പുകാരന്‍ ആ മാധ്യമശൈലി കടം വാങ്ങിയതാണ്; പത്രം നോക്കി പകര്‍ത്തിയെഴുതിയത്.

കഴിഞ്ഞ ദിവസത്തെ ഒരു പ്രമുഖ പത്രത്തില്‍ കണ്ടത്: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കടുത്ത അതൃപ്തി. നോബിള്‍ മാത്യു സ്വതന്ത്രനായി മത്സരിച്ചേക്കും. എന്‍ ഡി എ യുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നോബിള്‍ മാത്യുവിന് പ്രതിഷേധം. (ബി ജെ പി മുന്‍ ജില്ലാ പ്രസിഡണ്ടാണ് നോബിള്‍ മാത്യു) അദ്ദേഹത്തിന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ജോര്‍ജ് കുര്യന്റെ പേരാണ് പാര്‍ട്ടിയുടെ ‘കോര്‍’ കമ്മറ്റി പരിഗണിച്ചത്. ഇതില്‍ പ്രതിഷേധിച്ചിട്ടാണ് നോബിളിന്റെ തീരുമാനം എന്നാണ് സൂചന. ചൊവ്വാഴ്ച കൊച്ചിയില്‍ മാധ്യമങ്ങളെ കാണാനൊരുങ്ങുകയാണ് നോബിള്‍. മാധ്യമങ്ങളെ കണ്ടിട്ട് എന്ത് പറയുന്നു എന്നറിഞ്ഞശേഷം വാര്‍ത്ത കൊടുത്താല്‍ പോരായിരുന്നോ? ‘ഏയ്ക്കും’ ഒഴിവാക്കാമായിരുന്നു.

പാലക്കാട് ലേഖകനും ‘ഏയ്ക്കല്‍’ പ്രമുഖ ഹോട്ടല്‍ വ്യവസായി എം ആര്‍ റസാഖ് സ്വതന്ത്രനായി പാലക്കാട്ട് മണ്ഡലത്തില്‍ മത്സരിച്ചേയ്ക്കും. സി പി എം പുറത്താക്കിയ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ യു ഡി എഫ് പിന്തുണച്ചേയ്ക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലീംലീഗ് നേതാവ് കെ എം ഷാജിയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍, കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍, ജില്ലാ നേതൃത്വം ഒന്നടങ്കം എതിര്‍ത്തു (ഷാജിയുടെ
കാര്യം ‘ഏയ്ക്കും’ എന്ന ഘട്ടത്തിലായപ്പോഴേയ്ക്കും നേതൃത്വം എതിര്‍പ്പ് തുടങ്ങി) ഉടന്‍ കെ എം ഷാജി മലക്കം മറിഞ്ഞു എന്ന് ലേഖകന്‍. മറിയാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ. അതാണ് മുസ്ലീംലീഗിന്റെ പാരമ്പര്യം. പാണക്കാട്ട് നിന്ന് പ്രഖ്യാപിക്കുന്ന ആരെയും സ്വീകരിക്കുന്നതായിരുന്നു ലീഗിന്റെ പാരമ്പര്യം. വര്‍ഷങ്ങളോളം ഇബ്രാഹിം സുലൈമാന്‍ സേട്ടുവും ജി എം ബനാത്ത് വാലയും, കേരളത്തില്‍ നിന്നുള്ളവര്‍ അല്ലാതിരുന്നിട്ടും ഇരുവരെയും സ്വീകരിച്ചത് പാണക്കാട്ട് നിന്ന് പ്രഖ്യാപിച്ചത് കൊണ്ടാണ്. ലീഗിന്റെ ഇരുപത്തേഴ് സീറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളെ പാര്‍ട്ടി നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. (പാണക്കാട്ട് തങ്ങള്‍ക്കും മേലെ മറ്റൊരു നേതൃത്വമോ മുസ്ലീംലീഗിന്) അദ്ദേഹം പ്രഖ്യാപിക്കുന്ന ആരെയും ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നും കാസര്‍കോട് മണ്ഡലത്തിന്റെ കാര്യത്തില്‍ ഒരു കുഴപ്പവും ഉണ്ടാവുകയില്ലെന്നുമുള്ള മാഹിന്‍ ഹാജിയുടെ പ്രസ്താവന ജില്ലാ നേതൃത്വത്തിനിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. യൂത്ത് ലീഗില്‍ ഒരു വിഭാഗവും അമര്‍ഷം രേഖപ്പെടുത്തി. അമര്‍ഷവും അതൃപ്തിയും വൈകാതെ പുറത്തു വരുമെന്നാണ് അറിയുന്നത്. (പുറത്തുവരും മുമ്പേ അമര്‍ഷവും അതൃപ്തിയും ലേഖകന്‍ മനസ്സിലാക്കി വാര്‍ത്തയാക്കി! അന്യന്റെ ഉള്ളിലുള്ളത് അറിയാനുള്ള ഒരുപായവും മനുഷ്യന് ഈശ്വരന്‍ നല്‍കിയിട്ടില്ല എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് തെറ്റിപ്പോയോ?)

ഒരു സംശയം: പാണക്കാട്ട് തങ്ങളുടെ വാക്കുകള്‍ ആര്‍ക്കാണ് സ്വീകാര്യമല്ലാത്തത്, മുസ്ലീംലീഗില്‍? അവിടെ ‘ഏയ്ക്കും ഏയ്ക്കും’ എന്ന സന്ദിഗ്ദ്ധാവസ്ഥയ്ക്ക് പ്രസക്തിയില്ല.

മൂന്നാമതും ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിസ്ഥാനവും പാര്‍ട്ടിക്കുതന്നെ എന്ന് ഉറപ്പിച്ചിട്ടുള്ള പാര്‍ട്ടിക്കകത്തും എല്ലാം ശരി എന്ന് അവകാശപ്പെടുന്നവര്‍ തല്‍ക്കാലം ഏയ്ക്കുന്നില്ല. എന്നാല്‍, അകത്തും പുറത്തും എന്തൊക്കെയോ ഏയ്ക്കുന്നു എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. പാടേ തള്ളാവുള്ളതല്ല ആ നിരീക്ഷണം. പൊട്ടലും ചീറ്റലും അകത്തുണ്ടെന്ന് എതിരാളികളും അവരുടെ പക്ഷം പിടിക്കുന്ന വാര്‍ത്ത ചമയ്ക്കുന്നവരും. മുരള്‍ച്ച കേള്‍ക്കുന്നുണ്ട്. ആജീവനാന്തം പദവി എന്ന കോണ്‍ഗ്രസ് പാരമ്പര്യം മറുപക്ഷവും സ്വന്തമാക്കിക്കഴിഞ്ഞു. അന്തഃപുരം (അടുക്കള എന്ന പഴഞ്ചന്‍ പ്രയോഗം വേണ്ടാ) വാഴുന്നവള്‍ നിയമ സഭയും വാഴട്ടെ എന്ന ചിന്തയും ചിലര്‍ക്ക്.

രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഇടത്തും വലത്തും പേരും ഒന്നു തന്നെ. സുധാകരന്‍ ഇനീഷ്യല്‍ മാത്രം വ്യത്യസ്തം. ‘കെ’യും ‘ജി’യും ‘കെ’ അങ്ങോട്ടും ‘ജി’ ഇങ്ങോട്ടും ചാടുമോ? ചാടിയേക്കാം.

കഴിഞ്ഞ ദിവസം വൈകുന്നേരം കേട്ടത് കെയുടെ പിടിവാശിക്കു മുമ്പില്‍ പാര്‍ട്ടിയുടെ അത്യുന്ന നേതൃത്വം (ഹൈക്കമാന്റ്) കീഴടങ്ങിപോലും. ‘സ്ഥാനാര്‍ത്തി’ ജയിച്ചു എന്ന്. ഒടുവിലറിഞ്ഞത്- കെ വഴങ്ങി എന്ന്. പൊട്ടലും ചീറ്റലും ഇല്ല എന്ന്. ഒന്നാം ഘട്ടം പിന്നിട്ടു. ശേഷം? ആര്‍ത്തിക്ക് അതിരില്ലല്ലോ. ‘സ്ഥാനാര്‍ത്ഥിപ്പാന’ എവിടെ എത്തും?.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page