പൂച്ചയെ വളര്‍ത്തുന്നതിനെ ചൊല്ലി അമ്മയുമായി തര്‍ക്കം; പിന്നാലെ യുവ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവ ഡോക്ടര്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിനി ടി. പ്രിന്‍സി എന്ന ശ്രേഷ്ഠ(23)യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.

അമ്മ കുസുമലതയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പ്രിന്‍സി താമസിച്ചിരുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സി ഒരു പൂച്ചയെ വീട്ടില്‍ വളര്‍ത്താനായി കൊണ്ടുവന്നിരുന്നു. അതിനുശേഷം പ്രിന്‍സിക്ക് കഠിനമായ ചുമയും ജലദോഷവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. ഇതോടെ പൂച്ചയെ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ അമ്മ നിര്‍ദേശിച്ചു. പൂച്ചയെ വളര്‍ത്തുന്നത് മൂലമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പൂച്ചയെ കളയുന്ന കാര്യം പ്രിന്‍സിക്ക് ചിന്തിക്കാനാവില്ലായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതേചൊല്ലി അമ്മയും മകളും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പറയുന്നു.

കഴിഞ്ഞദിവസം വൈകുന്നേരം അമ്മയും അമ്മൂമ്മയും പുറത്തുപോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പ്രിന്‍സി ജീവനൊടുക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രിന്‍സിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രിന്‍സിയുടെ അമ്മയുടെ പരാതിയില്‍ അല്‍വാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റെന്തെങ്കിലും കാര്യം പ്രിന്‍സിയെ അലട്ടിയിരുന്നോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ പ്രിന്‍സി ഉപരിപഠനത്തിനായുള്ള പി.ജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മെഡിക്കല്‍ ലൈസന്‍സിനായുള്ള അപേക്ഷാ നടപടികളും ആരംഭിച്ചിരുന്നു. അതിനിടെയാണ് മരണം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവവും ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വര്‍ഷമായി പരിപാലിച്ചുകൊണ്ടിരുന്ന വളര്‍ത്തുപൂച്ചയുടെ പെട്ടെന്നുള്ള മരണം താങ്ങാനാകാതെ 20 വയസ്സുള്ള ബി.എസ്.സി വിദ്യാര്‍ത്ഥിനി ഹിമാബിന്ദു ജീവനൊടുക്കിയിരുന്നു. പൂച്ച ചത്ത വിഷമം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page