കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് പരാതി. കൊച്ചി കതൃക്കടവ് സ്വദേശി എ.പി അരുണ്‍ ആണ് പരാതി നല്‍കിയത്. വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോം വഴി തട്ടിപ്പ് നടത്തി 80.12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ജനുവരി 26 മുതല്‍ 20 തവണകളായാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് അരുണ്‍ പറയുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് താന്‍ ഇത്രയും തുക പ്ലാറ്റ്ഫോമിലേക്ക് കൈമാറിയത്. എന്നാല്‍ നിക്ഷേപിച്ച തുകയോ, വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







