വിശാഖപട്ടണം: നിയന്ത്രണം വിട്ടുമറിഞ്ഞ ലോറിയില്‍നിന്ന് ശീതളപാനീയ കുപ്പികള്‍ കൈക്കലാക്കാന്‍ മത്സരിക്കുന്ന പ്രദേശവാസികളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം നടന്നത്.
അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് വീണുകിടക്കുന്ന ഡ്രൈവറെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ കൂട്ടാക്കാതെ കിട്ടാവുന്നത്ര കുപ്പികള്‍ അടിച്ചുമാറ്റുകയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം. കുപ്പികള്‍ എടുക്കരുതെന്ന് ഡ്രൈവര്‍ കേണപേക്ഷിക്കുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് അവര്‍ കുപ്പികള്‍ പെറുക്കാന്‍ തിടുക്കം കാട്ടുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ പൊലീസെത്തിയാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയത്.
ദാരിദ്ര്യത്തിനപ്പുറം വെറുതെ കിട്ടുന്നതെന്തും കൈക്കലാക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് ഇതിനുകാരണമെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.







