പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികള്‍ ഡ്രില്ല് ഉപയോഗിച്ച് ഗ്യാസ് പൈപ്പ് ലൈന്‍ തുളച്ചു; നഷ്ടമായത് ടണ്‍ കണക്കിന് വാതകം

തൃശൂര്‍: പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികള്‍ ഡ്രില്ല് ഉപയോഗിച്ച് ഗ്യാസ് പൈപ്പ് ലൈന്‍ തുളച്ചതിനെ തുടര്‍ന്ന് ടണ്‍ കണക്കിന് വാതകം ചോര്‍ന്നതായി റിപ്പോര്‍ട്ട്. മണലി-മടവാക്കര റോഡിനുസമീപം കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിലാണ് വാതക ചോര്‍ച്ചയുണ്ടായത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിന്‍ഡറിലുള്ളതിന് തുല്യമായ വാതകമാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. 900 ടണ്‍ വാതകം നഷ്ടപ്പെട്ടെന്നു ഫയര്‍ഫോഴ്‌സ് കണക്കാക്കുന്നു. ജീവനക്കാരുടെ തികഞ്ഞ അശ്രദ്ധമൂലമാണ് പൈപ്പ് മാറി ഡ്രില്ല് ചെയ്തതെന്ന് ആരോപണമുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യം കടുത്ത ഗ്യാസ് ക്ഷാമം നേരിടുമ്പോഴാണ് ജീവനക്കാരുടെ അശ്രദ്ധ കാരണം ടണ്‍ കണക്കിന് വാതകം ചോര്‍ന്നത്. പെട്രോള്‍ പൈപ്പ് ലൈന്‍ ജീവനക്കാര്‍ തെറ്റായി ലൊക്കേഷന്‍ കാണിച്ചതാണ് പൈപ്പ് മാറി തുളയ്ക്കാനിടയാക്കിയതെന്ന് പറയുന്നു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികളാണ് പൈപ്പ് മാറി എട്ടുമീറ്റര്‍ അപ്പുറത്തുള്ള ഗ്യാസ് പൈപ്പ് ലൈനില്‍ ഡ്രില്ല് ഉപയോഗിച്ച് തുളച്ചത്.

അഗ്‌നിരക്ഷാസേനയെത്തി വെള്ളം പമ്പുചെയ്ത് വാതകം നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണ്. പൈപ്പിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടുവാല്‍വുകളും അടച്ചു. എങ്കിലും ചോര്‍ച്ച നിയന്ത്രിക്കാനായിട്ടില്ല. വാതകം മുഴുവന്‍ പുറത്തുപോയശേഷമേ ചോര്‍ച്ചയുണ്ടായ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ എന്ന് വാതക വിഭാഗം അധികൃതര്‍ പറയുന്നു. ചോര്‍ച്ച അടയ്ക്കാന്‍ പാലക്കാട്ടുനിന്ന് സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വാതകച്ചോര്‍ച്ചയെ തടര്‍ന്ന് സമീപത്തെ വീടുകളില്‍ തീ കത്തിക്കുന്നതും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും തടഞ്ഞു. മണലി-മടവാക്കര റോഡ് അടച്ചു. ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page