കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിഷയത്തില്‍ കെ സുധാകരന്‍ എം പി ഹൈക്കമാന്റിനെ വരച്ചവരയില്‍ നിറുത്തി പൊരിച്ചു. അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കെ സുധാകരന്‍ എം പിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചു. എ കെ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കമാന്റ് മുന്‍ തീരുമാനം മാറ്റി വ്യക്തിക്കു മുന്നില്‍ പാര്‍ട്ടിയെ മുട്ടുകുത്തിച്ചതെന്നു പറയുന്നു. ഹൈക്കമാന്റ് വരുതിയില്‍ വന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നടത്താനിരുന്ന വാര്‍ത്താസമ്മേളനം കെ സുധാകരന്‍ ഉപേക്ഷിച്ചു. പാര്‍ട്ടി വിടുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നുവെന്ന ഘട്ടം വന്നതോടെയാണ് സുധാകരന് കീഴടങ്ങാന്‍ ഹൈക്കമാന്റ് തയ്യാറായതെന്നു പറയുന്നു.
സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സുധാകരന്‍ അനുകൂലികള്‍ കണ്ണൂരില്‍ പടക്കം പൊട്ടിച്ചു. ന്യൂദെല്‍ഹിയില്‍ നിന്നു വെള്ളിയാഴ്ച (നാളെ) എത്തുന്ന കെ സുധാകരനെ റോഡ് ഷോ നടത്തി സ്വീകരിക്കാനാണ് അനുകൂലികളുടെ പരിപാടിയെന്നു പറയുന്നു.







