കര്‍ണ്ണാടകയുടെ മകള്‍, കാസര്‍കോടിന്റെ മരുമകള്‍; എം എല്‍ അശ്വിനി കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി

കാസര്‍കോട്: കര്‍ണ്ണാടകയുടെ മകളായി ജനിച്ച് വളര്‍ന്ന്, കാസര്‍കോടിന്റെ മരുമകളായി മാറിയ ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ എശ്വിനി കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നേടിയാണ് അശ്വിനി ബി ജെ പി രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായത്. 2,19,558 വോട്ടുകളാണ് അശ്വിനി പ്രസ്തുത തെരഞ്ഞെടുപ്പില്‍ നേടിയത്. മണ്ഡലത്തില്‍ ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും വലിയ വോട്ടായിരുന്നു അത്.
ബംഗ്‌ളൂരു നഗരത്തിലെ ഇടത്തരം കുടുംബത്തില്‍, ലക്ഷ്മണ്‍- രേവതി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളാണ് അശ്വിനി. പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. പി യു സി പഠനത്തിനു ശേഷം സോഫ്റ്റ് വെയറില്‍ ഡിപ്ലോമ, മോണ്ടിസറി എഡ്യുക്കേഷനില്‍ ഡിപ്ലോമ എന്നിവ സ്വന്തമാക്കി.പിന്നീട് ബംഗ്‌ളൂരുവില്‍ സ്‌കൂള്‍ അധ്യാപികയായി . മഞ്ചേശ്വരം, വൊര്‍ക്കാടി സ്വദേശി ശശിധരയുമായുള്ള വിവാഹത്തോടെയാണ് കേരളത്തിന്റെ മരുമകളായത്. തുടർന്ന് സെന്റ്‌മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയായി. ഇതോടെയാണ് പൊതു രംഗത്തേക്കെത്തിയത്.2020ല്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ കടമ്പാര്‍ ഡിവിഷനില്‍ നിന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 804 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. തുടര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപക ജോലി ഉപേക്ഷിച്ചു. മഹിളാ മോര്‍ച്ച പ്രവര്‍ത്തനങ്ങളിലും സജീവമായി.
കന്നഡ, തുളു, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യം അശ്വിനിയെ കൂടുതല്‍ ശ്രദ്ധേയയാക്കി. എസ് ജിതിന്‍, എസ് മനസ്വി എന്നിവര്‍ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page