കുമ്പള, കളത്തൂരിലെ വീടുകവര്‍ച്ച; കുപ്രസിദ്ധ കവർച്ചക്കാരൻ ഷട്ടര്‍ ജലീലിനെയും കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: കുമ്പള, കളത്തൂരില്‍ വീടു കുത്തിത്തുറന്ന് 9പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്ന കേസിന്റെ തുടര്‍ അന്വേഷണത്തിനായി കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലക്കാട്, ചിറ്റൂര്‍, അയിരൂര്‍, കൊളക്കപ്പറമ്പില്‍ ജലീല്‍ എന്ന ഷട്ടര്‍ ജലീല്‍ (36), കാസര്‍കോട്, ആലംപാടിയിലെ അബ്ദുല്‍ ലത്തീഫ് (46) എന്നിവരെയാണ് കുമ്പള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
പെരിയ, നാലക്രയിലെ ഇ വി ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നു ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലാണ് ഇരുവരെയും ബേക്കല്‍ ഡിവൈ എസ് പി എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിലാണ് കുമ്പള, കളത്തൂരിലെ യൂസഫിന്റെ വീട്ടിലെ കവര്‍ച്ചയ്ക്കും തുമ്പായത്. ഫെബ്രുവരി 14ന് രാത്രിയിലാണ് യൂസഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഇവിടെ നിന്നു നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനാണ് പ്രതികളെ കുമ്പള എസ് ഐ കെ സനിതിന്റെ കസ്റ്റഡിയില്‍ വിട്ടത്. 72 ല്‍പ്പരം കേസുകളില്‍ പ്രതിയാണ് ജലീല്‍. ഷട്ടര്‍ കുത്തിതുറന്നുള്ള കവര്‍ച്ച നടത്തുന്നതില്‍ വിദഗ്ദ്ധനായതിനാലാണ് ഷട്ടര്‍ ജലീല്‍ എന്ന പേരുവീണത്. കാസര്‍കോട്ടെ ഒരു കെട്ടിടത്തില്‍ താമസിച്ചാണ് ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചാ മുതലുകള്‍ വില്‍പ്പന നടത്തുന്നതിനു സഹായിച്ചതിനാണ് അബ്ദുല്‍ ലത്തീഫിനെ പ്രതി ചേര്‍ത്തതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page