കണ്ണൂര്‍: കൂത്തുപറമ്പ്, ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്. കണ്ണവം പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ യു പി അര്‍ജുന്റെ വീടിനു നേരെയാണ് അത്യുഗ്ര സ്‌ഫോടനശേഷിയുള്ള സ്റ്റീല്‍ ബോംബെറിഞ്ഞത്. ബുധനാഴ്ച രാത്രി 12.40 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയിലാണ് ബോംബുപതിച്ചത്. സംഭവ സമയത്ത് അര്‍ജുനും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നുവെങ്കില്‍ വീടു തന്നെ തകര്‍ന്ന് വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു. കാലപ്പഴക്കമാണ് ബോംബ് പൊട്ടാത്തതിനു കാരണമെന്നു സംശയിക്കുന്നു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. ഇവരില്‍ ഒരാള്‍ ഹെല്‍മെറ്റും രണ്ടാമന്‍ മുഖം മൂടിയും ധരിച്ചിരുന്നുവത്രെ. വിവരമറിഞ്ഞ് കൂത്തുപറമ്പ്, അസി. പൊലീസ് കമ്മീഷണര്‍ സിബിടോം, കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി.







