വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു; മരണം മുന്നില്‍ കണ്ട് മരത്തിന് മുകളില്‍ കയറി ഒളിച്ചത് 3 മണിക്കൂര്‍

കൊല്ലം: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു. രക്ഷപ്പെടാനായി ഭാര്യയ്‌ക്കൊപ്പം മരത്തിന് മുകളില്‍ കയറിയെങ്കിലും ആനക്കൂട്ടം തൊട്ടുതാഴെ നിലയുറപ്പിച്ചു. ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് മൂന്നുമണിക്കൂറാണ് ദമ്പതികള്‍ മരത്തില്‍ കഴിഞ്ഞത്. കൈ ഒന്നു വിട്ടുപോയാല്‍ നേരെ ആനക്കൂട്ടത്തിനു മുന്നില്‍ അകപ്പെടും. ഭയത്തോടെയാണ് ദമ്പതികള്‍ ഓരോ നിമിഷവും തള്ളിനീക്കിയത്. മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. മുള്ളുമല നഗറിലെ കരുണാകരന്‍ (53), ഭാര്യ റംസ (54) എന്നിവരാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടത്.

ഒടുവില്‍ ഫോണില്‍ റേഞ്ച് ലഭിച്ച സമയത്ത് വനം വകുപ്പിന്റെ മണ്ണാറപ്പാറ റേഞ്ച് ഓഫീസര്‍ മനോജിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഇന്ദ്രജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദമ്പതികളെ താഴെയിറക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ ദമ്പതികള്‍ ഒളിച്ചിരുന്ന മരങ്ങള്‍ക്ക് തൊട്ടുതാഴെയായി നിലയുറപ്പിച്ച ആനക്കൂട്ടം ചിന്നം വിളിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വെടി പൊട്ടിച്ചും ബഹളം വച്ചും ആനകളെ തുരത്തിയ ശേഷമാണ് ദമ്പതികളെ താഴെയിറക്കിയത്. തങ്ങളെ രക്ഷപ്പെടുത്തിയ വനപാലകരോട് കരുണാകരനും റംസയും നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page