കംഗ്ര: ക്ഷേത്രത്തിന് സമീപം വേരുകള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതുപോലെ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ട് പുറത്തിറങ്ങാന്‍ പോലും ഭയന്ന് പ്രദേശവാസികള്‍. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് കണ്ടത്. ആറടിയിലേറെ നീളമുള്ള ഒമ്പത് പെരുമ്പാമ്പുകളെയാണ് ഇവിടെ കണ്ടത്.
ക്ഷേത്രത്തിലെത്തിയ പ്രദേശവാസികളാണ് ആദ്യം ഈ കാഴ്ച കാണുന്നത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. മരത്തിന്റെ വേരുകളാണെന്ന സംശയത്തില്‍ അതിന് സമീപത്തേക്ക് ഒരു കല്ലെടുത്ത് എറിഞ്ഞപ്പോള്‍ ഒന്നിന് പിറകെ ഒന്നായി ഒമ്പത് പെരുമ്പാമ്പുകള്‍ പാറക്കെട്ടിലേക്ക് ഇഴഞ്ഞ് പോകുന്നത് കണ്ട ഞെട്ടലിലാണ് പ്രദേശവാസികള്‍.
ക്ഷേത്ര പരിസരത്ത് ആളുകള്‍ ആടുകളേയും പശുക്കളേയും മേയ്ക്കാന്‍ വിടാറുണ്ട്. അവിടെ പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ടതോടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്നാണ് നാട്ടുകാരുടെ ഭയം. മാത്രമല്ല ക്ഷേത്രത്തിലേക്ക് പോകാനും കഴിയില്ല. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകള്‍ ആക്രമണകാരികളെല്ലെന്നാണ് അവര്‍ പറയുന്നത്. വലുപ്പം ഉണ്ടെങ്കിലും വിഷമില്ലെന്ന് ഇവര്‍ പറയുന്നു. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്ന പെരുമ്പാമ്പുകളെ തങ്ങള്‍ക്ക് ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.







