കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ 18 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മാര്‍ച്ച് ഏഴിന് രാത്രിയായിരുന്നു കല്ലേറ്. സംഭവത്തിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. ആലുവയ്ക്കും അങ്കമാലിക്കുമിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് കേടുപാട് സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള ക്യാമറയില്‍ പതിഞ്ഞെങ്കിലും കല്ലെറിയുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് പതിവായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
മൂന്നു തവണ ട്രെയിനിന് നേരെ കല്ലെറിഞ്ഞെങ്കിലും ഒരെണ്ണം മാത്രമാണ് ട്രെയിനില്‍ കൊണ്ടത്. പ്രണയം തകര്‍ന്നതിന്റെ നിരാശയാണ് ട്രെയിനില്‍ കല്ലെറിയാന്‍ പ്രേരണയായതെന്നും കാമുകി ഉപേക്ഷിച്ച ദു:ഖത്തില്‍ ട്രാക്കിന് സമീപം ഇരിക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ട് വെറുതെ കല്ലെറിഞ്ഞുപോയതാണെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും 18കാരന്‍ നിസ്സഹായത പ്രകടിപ്പിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം 18കാരന്‍ വെളിപ്പെടുത്തിയത്.







