ഡോക്ടറെ കെണിയില്‍പ്പെടുത്തി വന്‍ ലാഭം വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്തു; അന്താരാഷ്ട്ര സൈബര്‍ ക്രൈം റാക്കറ്റിലെ മൂന്നംഗ സംഘം പിടിയില്‍

എറണാകുളം: ഡോക്ടറെ കെണിയില്‍പ്പെടുത്തി വന്‍ ലാഭം വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കമ്പോഡിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈബര്‍ ക്രൈം റാക്കറ്റിലെ മൂന്നംഗ സംഘം പിടിയില്‍. കൊച്ചി സിറ്റി സൈബര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദില്‍ കെ.പി (22), മുഹമ്മദ് ഫൈസല്‍ (25) എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്.

എന്‍ആര്‍ഐ യുവതിയെന്ന വ്യാജേനയാണ് പ്രതികള്‍ ഡോക്ടറുമായി സൗഹൃദത്തിലായതെന്ന് പൊലീസ് പറഞ്ഞു. മാട്രിമോണി സൈറ്റിലൂടെയാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി വലിയ ലാഭം വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും സ്‌ക്രീന്‍ഷോട്ടുകളും പ്രതികള്‍ അയച്ചിരുന്നു. പിന്നീട് വാഗ്ദാനം ചെയ്ത ലാഭം കിട്ടാതായതോടെ ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

കമ്പോഡിയയില്‍ പ്രവര്‍ത്തിക്കുന്ന പ്രതികളുടെ ഡിജിറ്റല്‍ ഫുട്പ്രിന്റുകള്‍ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. വിദേശത്ത് നിന്നു പ്രതികള്‍ ഇന്ത്യയില്‍ എത്തിയ ഉടന്‍ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീയുവാക്കളെ നിര്‍ബന്ധപൂര്‍വ്വം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്ന രീതി ഇത്തരം സംഘങ്ങള്‍ക്കിടയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്റെ നേതൃത്വത്തില്‍ എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുണ്‍. ആര്‍, അനീഷ്, സി.പി.ഒ നജീബ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page