കാണികളെ രസിപ്പിക്കുന്നതിനിടെ റസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍

കാലിഫോര്‍ണിയ: കാണികളെ രസിപ്പിക്കുന്നതിനിടെ റസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ അടിച്ചു തകര്‍ക്കുന്ന റോബോട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള ഹൈഡിലാവോ റെസ്റ്റോറന്റിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെസ്റ്റോറന്റിലെ ജോലികളില്‍ സഹായിക്കേണ്ട ഹ്യൂമനോയിഡ് റോബോട്ട് ആണ് ആളുകളെ രസിപ്പിക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് അക്രമാസക്തമായത്. റോബോര്‍ട്ടിന്റെ പെട്ടെന്നുള്ള പ്രകോപനത്തില്‍ ജീവനക്കാരേയും അതിഥികളെയും ഭയപ്പെടുത്തി.

കൗണ്ടറിലിരുന്ന പ്ലേറ്റുകള്‍ ഓരോന്നായി തല്ലിപ്പൊട്ടിച്ചും കൈകള്‍ അനിയന്ത്രിതമായി വീശിയും റോബോര്‍ട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നത് വീഡിയോയില്‍ കാണാം. ഡിസ്നി സിനിമയായ ‘സൂട്ടോപ്പിയ’യുമായുള്ള സഹകരണത്തിന്റെ ഭാഗമായി റെസ്റ്റോറന്റില്‍ അതിഥികളെ രസിപ്പിക്കാന്‍ എത്തിച്ച ചൈനീസ് നിര്‍മിത റോബോട്ടാണിത്. ഓറഞ്ച് നിറത്തിലുള്ള ഏപ്രണ്‍ ധരിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ വീഡിയോയില്‍ കാണാം. ഏപ്രണിന് മുകളില്‍ ‘ഐ ആം ഗുഡ്’ എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ റോബോട്ടിന്റെ പ്രവര്‍ത്തികള്‍ ഒട്ടും ഗുഡ് ആയിരുന്നില്ലെന്നാണ് കാണികള്‍ പറയുന്നത്.

കൗണ്ടറില്‍ അടുക്കി വെച്ചിരുന്ന പ്ലേറ്റുകള്‍ ഓരോന്നായി റോബോട്ട് താഴെയിട്ടു പൊട്ടിക്കുന്നു. ഇത് കണ്ട് പരിഭ്രമിച്ച ഒരു ജീവനക്കാരി റോബോട്ടിനെ തടയാന്‍ ശ്രമിച്ചെങ്കിലും റോബോട്ട് തന്റെ മെറ്റാലിക് കൈകള്‍ വീശിക്കൊണ്ട് നൃത്തം ചെയ്യുകയായിരുന്നു. നൃത്തം ചെയ്യുന്നതിനിടയില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഒടുവില്‍ ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് റോബോട്ടിനെ കീഴ്‌പ്പെടുത്തിയത്.

വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും നിറയുന്നത്. ‘റോബോട്ടിന് ലഹരി തലക്ക് പിടിച്ചോ?’ എന്നാണ് പലരും ചോദിക്കുന്നത്. ‘പാവം റോബോട്ട്, ജോലി ഭാരം കാരണം മടുത്തു കാണും’ എന്നും ചിലര്‍ പരിഹസിക്കുന്നു. ഇത്തരം റോബോട്ടുകള്‍ക്ക് ഒരു ‘എമര്‍ജന്‍സി സ്റ്റോപ്പ്’ ബട്ടണ്‍ നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

പുതിയ തലമുറയെ സംബന്ധിച്ച് ഇത്തരം വീഡിയോകള്‍ വെറുമൊരു തമാശയല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ സൂചന കൂടിയാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page