കാസർകോട്: മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാടിളക്കി പ്രചരണം ആരംഭിച്ചു. കുമ്പള ഭാസ്കര നഗർ നൽകിയ സ്വീകരണത്തിൽ കാസർകോടും മഞ്ചേശ്വരവും നേരിടുന്ന വികസന മുരടിപ്പ് അദ്ദേഹം വോട്ടർമാരെ ബോധിപ്പിച്ചു. സംസ്ഥാനം രൂപീകരിച്ചു 70 വർഷം കഴിഞ്ഞെങ്കിലും അടിസ്ഥാന മേഖലകളിൽ മഞ്ചേശ്വരം – കാസർകോട് മണ്ഡലങ്ങൾ ഇപ്പോഴും പിന്തള്ളപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് -ട്രെയിൻ ഗതാഗത മേഖലയിൽ ഉണ്ടായ മുന്നേറ്റം കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി ഉണ്ടാക്കിയതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ കുമ്പളയിലെയും മഞ്ചേശ്വരത്തെയും ഗവൺമെൻറ് ആശുപത്രികളും കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളും താലൂക്ക് ആശുപത്രികളും നേരിടുന്ന അവഗണന അദ്ദേഹം എടുത്തുകാട്ടി. റൂറൽ ഡിസ്പെൻസറികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി എന്താണെന്ന് അദ്ദേഹം നാട്ടുകാരോട് ആരാഞ്ഞു. വിദ്യാഭ്യാസരംഗത്ത്തൊഴിലധിഷ്ഠിത കോഴ്സുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കാൻ വലത് -ഇടത് പാർട്ടികളെയും ഭാരവാഹികളെയും അദ്ദേഹം വെല്ലുവിളിച്ചു. കേന്ദ്രത്തിൽ നരേന്ദ്രമോഡി ഭരിക്കുമ്പോൾ മഞ്ചേശ്വരത്ത് വികസനം ആഗ്രഹിക്കുന്നവർ മോഡിയുടെ പാർട്ടിക്ക് വോട്ട് ചെയ്ത് സ്ഥാനാർഥിയായ തന്നെ വിജയിപ്പിക്കണം. ഒരവസരം ലഭിച്ചാൽ മഞ്ചേശ്വരം മണ്ഡലത്തിൻ്റെ മുഖച്ഛായ വികസിതമാക്കി തരാമെന്നും നാടിൻറെ വികസനത്തിന് ജാതിയും മതവും രാഷ്ട്രീയവും പരിഗണിക്കാതെ മുഴുവനാളുകളും വോട്ട് ചെയ്ത് തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം നാട്ടുകാരോടും വോട്ടർമാരോടും അഭ്യർത്ഥിച്ചു. ബിജെപി ഭാരവാഹികളായ വി. രവീന്ദ്രൻ, സുജിത്ത് റൈ തുടങ്ങിയവർ പ്രസംഗിച്ചു .നവോദയ ക്ലബ്ബ് അംഗം റിട്ട. എസ് ഐ ബാബു തോമസ് സുരേന്ദ്രനെ ഷാൾ അണിയിച്ചു സ്വാഗതം ചെയ്തു.






