കൊല്ലം: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊല്ലം ഇടമണിലെ സോണിയയ്ക്കും മകന്‍ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പുനലൂര്‍-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇവര്‍ക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ചാടിയതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും അമ്മയും മകനും ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തു. അപകടത്തില്‍ മുഖത്തിനും കൈകാലുകള്‍ക്കും പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.







