‘ഞങ്ങളെ പ്രണയിച്ചു, വിവാഹം കഴിച്ചത് മോദിയെ’; സഭയിലാകെ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ തമാശ; ചിരി അടക്കാന്‍ കഴിയാതെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിടവാങ്ങല്‍ പ്രസംഗത്തില്‍ സഭയിലാകെ ചിരി പടര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ
നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിരമിക്കുന്ന അംഗങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പ് വേളയില്‍ ഖാര്‍ഗെ നടത്തിയ നര്‍മ്മം കലര്‍ന്ന പരാമര്‍ശങ്ങളാണ് സഭയെ ചിരിപ്പിച്ചത്. തനിക്കൊപ്പം പിരിയുന്ന സഭയിലെ മറ്റ് അംഗങ്ങളായ ശരദ് പവാര്‍, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാര്‍ഗെയുടെ പരാമര്‍ശമാണ് സഭയെ ചിരിപ്പിച്ചത്. തങ്ങള്‍ തമ്മില്‍ 54 വര്‍ഷത്തെ ദീര്‍ഘകാല പരിചയമുണ്ടെന്ന് പറഞ്ഞ ഖാര്‍ഗെ, ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ രസകരമായാണ് സഭയില്‍ അവതരിപ്പിച്ചത്. ‘അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്‌നേഹിച്ചു, ഒടുവില്‍ വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്’ എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്. അതുകേട്ട് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. 1996ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെയും അദ്ദേഹം വെറുതെ വിട്ടില്ല. അത്താവാലയുടെ കവിതകള്‍ എപ്പോഴും മോദിയെ പുകഴ്ത്തുന്നവ മാത്രമാണെന്നും അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ലെന്നും ഖാര്‍ഗെ പരിഹാസിച്ചു. ഇത് കേട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലും ചിരി പടര്‍ന്നു.

വിരമിക്കുന്ന അംഗങ്ങളുടെ സേവനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയത്തില്‍ ഫുള്‍സ്റ്റോപ്പുകളില്ലെന്ന് ഓര്‍മ്മിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ദേവഗൗഡ, ഖാര്‍ഗെ, പവാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പാര്‍ലമെന്ററി കാര്യങ്ങള്‍ കണ്ടു പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. രാംദാസ് അത്താവാലയെ ‘എവര്‍ഗ്രീന്‍’ എന്ന് വിശേഷിപ്പിച്ച മോദി, സഭയില്‍ ഹാസ്യത്തിനും ആക്ഷേപഹാസ്യത്തിനും വലിയ സ്ഥാനമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത് ക്രമേണ കുറഞ്ഞുവരികയാണെന്നും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page