മുംബൈ: ലിഫ്റ്റിനുള്ളില്‍ അപരിചിതനുമായി അടുത്തിടപഴകുന്ന സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്ധേരിയിലെ ഒരു സൊസൈറ്റിയില്‍ താമസിക്കുന്ന 36കാരിയാണ് പരാതിക്കാരി. സിസിടിവി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ താന്‍ സമൂഹത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമായി അടുത്ത് ഇടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്ത വിവരം യുവതി അറിയുന്നത്. ആളുകള്‍ തന്നെ നോക്കി പരിഹസിക്കുന്നത് കണ്ട് പരിഭ്രാന്തയായ യുവതിയെ അയല്‍വാസിയാണ് ലിഫ്റ്റിലെ സ്വകാര്യ ദൃശ്യങ്ങള്‍ വൈറലായ വിവരം അറിയിച്ചത്.
സൊസൈറ്റിയിലെ സിസിടിവി കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ കുടുംബാംഗമാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് യുവതിയുടെ ആരോപണം. ബാക്കപ്പ് സെര്‍വറില്‍ നിന്ന് ദൃശ്യങ്ങള്‍ കൈക്കലാക്കി സൊസൈറ്റിയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു. വ്യക്തിപരമായ വിരോധമാണോ ഇതിന് പിന്നിലെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.







